മാലിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരുടെ മോചനത്തിനു നടപടി വേണമെന്ന് ഇന്ത്യ
Friday, July 4, 2025 2:00 AM IST
ന്യൂഡൽഹി: മാലിയിൽ അജ്ഞാതർ തട്ടിക്കൊണ്ടുപോയ മൂന്ന് ഇന്ത്യക്കാരുടെ സുരക്ഷിതമായ മോചനത്തിനു മാലി സർക്കാർ നടപടി സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രാലയം. കെയ്സിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ ജീവനക്കാരായിരുന്ന ഇന്ത്യൻ പൗരരുടെ തട്ടിക്കൊണ്ടു പോകലിൽ ഇന്ത്യ കടുത്ത ആശങ്കയും രേഖപ്പെടുത്തി.
സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ജൂലൈ ഒന്നിനു മാലിയിൽ അൽ ഖ്വയ്ദ ബന്ധമുള്ള തീവ്രവാദികൾ രാജ്യത്തു വിവിധയിടങ്ങളിൽ തുടർച്ചയായ ആക്രമണങ്ങൾ അഴിച്ചുവിട്ടപ്പോഴാണു തട്ടിക്കൊണ്ടുപോകലും നടന്നത്.
ഡയമണ്ട് സിമന്റ് ഫാക്ടറിക്കു സമീപം ആയുധധാരികളായ ഒരു കൂട്ടം സംഘടിതമായ ആക്രമണം നടത്തി ബലമായാണ് ഇന്ത്യൻ പൗരരെ തട്ടിക്കൊണ്ടുപോയതെന്നു വിദേശകാര്യമന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.