കർഷകർക്കുള്ള നഷ്ടപരിഹാരം; കേന്ദ്രവിഹിതം ഉടൻ തരണമെന്ന് മന്ത്രി
Friday, July 4, 2025 2:00 AM IST
ന്യൂഡൽഹി: ജന്തുജന്യ രോഗങ്ങൾമൂലം ദുരിതം ബാധിച്ച കർഷകർക്കു നഷ്ടപരിഹാരം നൽകുന്നതിൽ കേന്ദ്രത്തിന്റെ വിഹിതം ഉടൻ ലഭ്യമാക്കണമെന്ന് മൃഗസംരക്ഷണമന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്ര ക്ഷീര വികസന സഹമന്ത്രി ജോർജ് കുര്യനോട് ആവശ്യപ്പെട്ടു.
പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി എന്നീ രോഗങ്ങൾ ബാധിച്ച മൃഗങ്ങളുടെ ഉടമസ്ഥരായ കർഷകർക്കു നൽകാനുള്ള നഷ്ടപരിഹാരത്തുകയിൽ കേന്ദ്രത്തിന്റെ കുടിശിക ആറു കോടി 63 ലക്ഷം രൂപയാണെന്നും ഇത് ഉടൻ നൽകുമെന്ന് കേന്ദ്രം ഉറപ്പു നൽകിയെന്നും ചിഞ്ചുറാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പക്ഷിപ്പനി രൂക്ഷമായെന്നും ഈ ജില്ലകളിൽ കാട, കോഴി തുടങ്ങിയ നിരവധി പക്ഷികളെ കൊന്നൊടുക്കിയെന്നും മന്ത്രി അറിയിച്ചു. വലിയ പക്ഷികൾക്ക് 200 രൂപയും ചെറിയ പക്ഷികൾക്ക് 100 രൂപയുമാണ് നഷ്ടപരിഹാരം നൽകുന്നത്. ഇതിൽ കേന്ദ്രം 60 ശതമാനവും സംസ്ഥാനം 40 ശതമാനവുമാണ് വഹിക്കുന്നത്.
എന്നാൽ, കേന്ദ്രഫണ്ട് ലഭ്യമല്ലാത്തതിനാൽ കേരളത്തിന്റെ ഫണ്ടിൽനിന്നാണ് പണം നൽകിയതെന്നും ജന്തുജന്യ രോഗങ്ങളാൽ ദുരിതം ബാധിച്ച മുഴുവൻ കർഷകർക്കും ഫണ്ട് ലഭ്യമാക്കിയെന്നും മന്ത്രി വ്യക്തമാക്കി. 2021 മുതൽ നഷ്ടപരിഹാരം നൽകേണ്ടതിനുള്ള കേന്ദ്രവിഹിതം മുടങ്ങിക്കിടക്കുകയാണെന്നും ഇത് ലഭ്യമാക്കുമെന്ന് ഉറപ്പ് ലഭിച്ചുവെന്നും മന്ത്രി പറഞ്ഞു.