കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണു മകൾക്ക് കൂട്ടിരിക്കാനെത്തിയ അമ്മയ്ക്ക് ദാരുണാന്ത്യം
Friday, July 4, 2025 2:45 AM IST
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയോടു ചേര്‍ന്ന കെട്ടിടത്തിലെ ശുചിമുറി ഭാഗം ഇടിഞ്ഞുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.
ചികിത്സയ്ക്കെത്തിയ മകൾക്ക് കൂട്ടിരിപ്പിനെത്തിയ തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാത്തുകുന്നേല് വിശ്രുതന്റെ ഭാര്യ ഡി. ബിന്ദു (52) ആണ് മരിച്ചത്. ആശുപത്രി ജീവനക്കാരന് ഉള്‍പ്പെടെ രണ്ടു പേര്‍ക്കു പരിക്കേറ്റു. വയനാട് മീനങ്ങാടി സ്വദേശി അലീന വിന്‍സന്റിനും (11), രോഗികളെ വാര്‍ഡുകളില്‍നിന്ന് ഒഴിപ്പിക്കുന്നതിനിടെ ട്രോളി ഇടിച്ച് അത്യാഹിതവിഭാഗം ജീവനക്കാരന് അമല്‍ പ്രദീപിനും (43) ആണ് പരിക്കേറ്റത്.
64 വര്‍ഷം പഴക്കമുള്ള മൂന്നുനിലക്കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള പതിനാലാം വാര്‍ഡിനോടു ചേര്‍ന്ന ശുചിമുറിയാണ് ഇന്നലെ രാവിലെ 10.45ന് ഇടിഞ്ഞുവീണത്. ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന മകള്‍ നവമിയെ (20) പരിചരിക്കാന്‍ എത്തിയതായിരുന്നു ബിന്ദു. അപകടത്തെത്തുടര്‍ന്ന് 10, 11, 14 വാര്‍ഡുകളിലും സമീപത്തുമുണ്ടായിരുന്ന രോഗികളെയും കൂട്ടിരിപ്പുകാരെയും അതിവേഗം ഒഴിപ്പിച്ചു. കുളിക്കാന്‍ പോയ അമ്മ അപകടശേഷം മടങ്ങിവന്നില്ലെന്ന നവമിയുടെ മുറവിളിയെത്തുടര്ന്നാണു തെരച്ചില്‍ തുടങ്ങിയത്.
രണ്ടര മണിക്കൂറിനുശേഷം ആശുപത്രി വാര്ഡിനുള്ളില്ക്കൂടി മൂന്നു ഹിറ്റാച്ചികള്‍ എത്തിച്ചു നടത്തിയ തെരച്ചിലിലാണ് അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്.
നവമിയുടെ ശസ്ത്രക്രിയയ്ക്കായി ചൊവ്വാഴ്ചയാണ് വിശ്രുതനും ബിന്ദുവും മകളോടൊപ്പം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്. രണ്ടാം നിലയിലുള്ള ട്രോമ കെയര്‍ വിഭാഗത്തിലാണ് നവമിയെ അഡ്മിറ്റ് ചെയ്തത്. മകളോടൊപ്പമായിരുന്ന ബിന്ദു കുളിക്കാനാണ് 14-ാം വാര്‍ഡിന്റെ മൂന്നാം നിലയിലെത്തിയത്.
തലയോലപ്പറമ്പില്‍ വസ്ത്രശാലയിലെ ജീവനക്കാരിയാണ് ബിന്ദു. വിശ്രുതന്‍ കെട്ടിട നിര്‍മാണത്തൊഴിലാളിയാണ്. നവമി ആന്ധ്രപ്രദേശില്‍ അപ്പോളോ ആശുപത്രിയില്‍ നാലാം വര്‍ഷം നഴ്സിംഗ് വിദ്യാര്‍ഥിനിയും മകന് നവനീത് എറണാകുളത്ത് സിവില്‍ എന്‍ജിനിയറുമാണ്.
മെഡിക്കല്‍ കോളജിന് അഞ്ചു കിലോമീറ്റര്‍ അകലെ നാലു ജില്ലകളുടെ പദ്ധതി അവലോകന യോഗത്തിനെത്തിയ മന്ത്രിമാരായ വീണാ ജോര്‍ജും വി.എന്‍. വാസവനും അപകടശേഷം സ്ഥലത്തെത്തി. രണ്ടു പേര്‍ക്കു നിസാര പരിക്കുപറ്റിയെന്നും അപകടം നടന്ന ഭാഗം ഉപയോഗത്തിലുള്ളതല്ലെന്നുമാണ് ഇരുവരും മാധ്യമങ്ങളെ അറിയിച്ചത്. പിന്നീടാണ് ദാരുണമായി ഒരു മരണം സംഭവിച്ചത് പുറത്തറിയുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ മുത്തശി ത്രേസ്യാമ്മയെ പരിചരിക്കാനാണ് അലീന എത്തിയത്.
പോലീസും ദ്രുതകര്‍മസേനയും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി. അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന് വൈകുന്നേരം അഞ്ചിന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ചാണ്ടി ഉമ്മന്‍, മോന്‍സ് ജോസഫ്, മാണി സി. കാപ്പന് തുടങ്ങിയവരും വിവിധ നേതാക്കളും സ്ഥലം സന്ദര്‍ശിച്ചു.
ഇന്നലെ തകര്‍ന്ന കെട്ടിടത്തിലുള്ള വാര്‍ഡുകള്‍ പണിതീര്‍ന്ന പുതിയ കെട്ടിടത്തിലേക്ക് മാറാനിരിക്കെയാണ് അപകടം. വിശ്രുതന്‍ കൊല്ലം സ്വദേശിയാണ്.
ജില്ലാ കളക്ടര്‍ അന്വേഷിക്കും
കോട്ടയം: മെഡിക്കല്‍ കോളജിലെ അപകടവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നും എന്തെങ്കിലും വീഴ്ചയുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
വിവരം അറിഞ്ഞ ഉടനെ പ്രദേശത്ത് എത്തുകയും മന്ത്രി വി.എന്‍. വാസവനുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി രക്ഷാപ്രവര്‍ത്തനത്തിനുവേണ്ട നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
സാധ്യമായ കാര്യങ്ങളെല്ലാം ചെയ്തിരുന്നു. ആദ്യം ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അപകടമുണ്ടായത് ഉപയോഗിക്കാത്ത കെട്ടിടത്തിലാണെന്ന് പ്രതികരിച്ചത്. ആശുപത്രിയില്‍ വന്ന ഉടനെയുള്ള മറുപടിയായിരുന്നു അത്.
ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നില്ല. രണ്ടുപേര്‍ക്ക് പരിക്കെന്ന് മാത്രമായിരുന്നു ആദ്യവിവരം. ഉടന്‍ സംഭവസ്ഥലത്തേക്ക് ജെസിബി എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയെടുത്തു. രക്ഷാപ്രവര്‍ത്തനത്തിന് താമസമുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു.
പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു: ആശുപത്രി സൂപ്രണ്ട്
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശുചിമുറി കെട്ടിടം തകർന്നുവീണ് വീട്ടമ്മ മരിക്കാനിടയായ സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ആശുപത്രി സൂപ്രണ്ട് എന്ന നിലയില്‍ താന്‍ ഏറ്റെടുക്കുകയാണെന്ന് ഡോ. ടി.കെ. ജയകുമാർ.
സംഭവസ്ഥലത്ത് ആദ്യമെത്തിയത് താനാണ്. ഇത് അടച്ചിട്ടിരുന്ന വാര്‍ഡാണ്. അവിടെ രോഗികളില്ലായിരുന്നു. അതിന്റെ അടിസ്ഥാനത്തിലും അവിടെനിന്ന് ആദ്യം കിട്ടിയ വിവരമനുസരിച്ചുമാണ് ആരും അപകടത്തില്‍ പെട്ടിട്ടില്ലെന്ന് മന്ത്രിമാരോട് പറഞ്ഞത്. ഈ വിവരം മന്ത്രിമാര്‍ പങ്കുവയ്ക്കുകയാണ് ചെയ്തതെന്നും ഡോ. ജയകുമാർ പറഞ്ഞു.