ഹര്‍ജിയില്‍ തീരുമാനമെടുക്കാൻ; ‘ജെഎസ്കെ’ കാണാന്‍ ഹൈക്കോടതി
Thursday, July 3, 2025 1:57 AM IST
കൊച്ചി: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചെന്ന നിര്‍മാതാക്കളുടെ ഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ ‘ജെഎസ്കെ’ എന്ന സിനിമ കാണാന്‍ ഹൈക്കോടതി.
ശനിയാഴ്ച രാവിലെ പത്തിന് പാലാരിവട്ടം ലാല്‍ മീഡിയ സ്റ്റുഡിയോയില്‍ ജസ്റ്റീസ് എന്‍. നഗരേഷ് സിനിമ കാണും. ഇതിനാവശ്യമായ സൗകര്യമൊരുക്കാന്‍ ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിച്ചു.
ബന്ധപ്പെട്ട കക്ഷികളുടെ പ്രതിനിധികള്‍ക്കും സിനിമ കാണാമെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്ന് ബുധനാഴ്ച വിഷയം വീണ്ടും പരിഗണിക്കാന്‍ മാറ്റി. ഇതിനകം മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു.
സുരേഷ് ഗോപി നായകനായ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വൈകുന്നതിനെതിരേ നിര്‍മാതാക്കളായ ‘കോസ്മോ എന്റര്‍ടെയ്ന്‍മെന്റ്സ്’ നല്കിയ ഹര്‍ജി പരിഗണനയിലിരിക്കെ ബോര്‍ഡിന്റെ റിവൈസിംഗ് കമ്മിറ്റി സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഈ നടപടി ചോദ്യം ചെയ്തും ഹര്‍ജി നല്കി. ഈ രണ്ട് ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ജെഎസ്കെയുടെ റിലീസിംഗ് ജൂണ്‍ 27നാണ് നിശ്ചയിച്ചിരുന്നത്. സിനിമ നേരിട്ടു കാണാനുള്ള ആവശ്യം കഴിഞ്ഞ ദിവസങ്ങളില്‍ ഹര്‍ജിക്കാരടക്കം ഉന്നയിച്ചെങ്കിലും സെന്‍സര്‍ ബോര്‍ഡിനോട് എതിര് സത്യവാങ്മൂലം നല്കാന് നിര്‍ദേശിച്ച് ആവശ്യം കോടതി നിരസിച്ചിരുന്നു. എന്നാല്‍, ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോഴും സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നില്ല. തുടര്‍ന്നാണ് സിനിമ കാണാമെന്ന നിലപാട് കോടതി സ്വീകരിച്ചത്.
സെന്‍സര്‍ ബോര്‍ഡിനും അഭിഭാഷകര്‍ക്കും മുംബൈയിലെ ഓഫീസിലിരുന്ന് ശനിയാഴ്ച ഇതേസമയം സിനിമ കാണാന്‍ സൗകര്യമുണ്ടാകുമോയെന്ന് ബോര്‍ഡിന്റെ അഭിഭാഷകന് അഭിനവ് ചന്ദ്രചൂഡ് ആരാഞ്ഞെങ്കിലും വീഡിയോ കോണ്‍ഫറന്‍സ് പോലുള്ള സൗകര്യം സാധ്യമാകില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ആവശ്യമെങ്കില്‍ ബോര്‍ഡിന്റെ തിരുവനന്തപുരം കേന്ദ്രത്തില്‍ സിനിമ കാണാമെന്ന് കോടതിയും വ്യക്തമാക്കി.