ഹെവൻ ഓഫ് ഹോപ് അഭയകേന്ദ്രം ഇന്ന് തുറക്കും
Thursday, July 3, 2025 1:57 AM IST
കൊച്ചി: നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് ചികിത്സയ്ക്കിടെ താമസിക്കുന്നതിനായി എറണാകുളം ജനറൽ ഹോസ്പിറ്റലിന് എതിർവശത്ത് എസ്ഡി കോൺവെന്റിനോട് ചേർന്നു നിർമിച്ച ‘ഹെവൻ ഓഫ് ഹോപ്’ അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനം ഇന്നു രാവിലെ 11ന് നടക്കും.
അഗതികളുടെ സഹോദരിമാർ (എസ്ഡി) എന്ന സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനും എറണാകുളം-അങ്കമാലി അതിരൂപതാംഗവുമായ ധന്യൻ വർഗീസ് പയ്യപ്പിള്ളി അച്ചന്റെ സ്മരണാർഥം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിച്ചത്.
അഭയകേന്ദ്രത്തിന്റെ ഉദ്ഘാടനം സൗത്ത് ഇന്ത്യൻ ബാങ്ക് ചെയർമാൻ വി.ജെ. കുര്യൻ നിർവഹിക്കും. ചടങ്ങിൽ സന്യാസ സമൂഹത്തിന്റെ പ്രൊവിൻഷൽ സുപ്പീരിയർ സിസ്റ്റർ റെയ്സി തളിയൻ അധ്യക്ഷത വഹിക്കും.
ജനറൽ ഹോസ്പിറ്റലിൽ കാൻസറിന് അത്യാധുനിക ചികിത്സാ സൗകര്യമുണ്ടെങ്കിലും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും താമസിക്കാനുള്ള സ്ഥലം കണ്ടെത്തുക പ്രയാസമായിരുന്നു.
കീമോയ്ക്കും റേഡിയേഷനുമായി ആശുപത്രിയിൽ വരുന്ന പാവപ്പെട്ട കുടുംബങ്ങളിലെ ആളുകളുടെ ദുരവസ്ഥ മനസിലാക്കിയ സന്യാസിനി സമൂഹം ഇക്കാര്യം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. ബാങ്കിന്റെ സിഎസ്ആർ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നു കോടിയിലധികം രൂപയാണ് നൽകിയത്. 13 സെന്റിൽ 10,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം പണിതത്.
നാലു നിലകളുള്ള കെട്ടിടത്തിൽ ഒരേ സമയം 32 രോഗികൾക്കും ബന്ധുക്കൾക്കും പ്രവേശനം നൽകാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.