ആഴക്കടലിൽ ചെറുയാനങ്ങൾക്ക് അനുമതി: മത്സ്യമേഖലയ്ക്കു തിരിച്ചടിയാകുമെന്ന് ആശങ്ക
Thursday, July 3, 2025 1:57 AM IST
കൊച്ചി: ആഴക്കടൽ മത്സ്യബന്ധനത്തിനു കൂടുതൽ ചെറുയാനങ്ങൾക്ക് അനുമതി നൽകാനുള്ള നീക്കം മത്സ്യമേഖലയ്ക്കും തൊഴിലാളികൾക്കും തിരിച്ചടിയാകുമെന്നു വിലയിരുത്തൽ.
50 മീറ്റർ നീളമുള്ള, ചെറുകപ്പലുകൾക്ക് സമാനമായ യാനങ്ങൾക്ക് ആഴക്കടലിൽ മത്സ്യബന്ധനത്തിന് അനുമതി നൽകാനാണ് കേന്ദ്രനീക്കം. 24 മീറ്ററിൽ താഴെ മാത്രം നീളമുള്ള യാനങ്ങളിൽ പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബങ്ങളെയും അനുബന്ധ മേഖലകളെയും പുതിയ നീക്കം പ്രതിസന്ധിയിലാക്കുമെന്നാണ് ആരോപണം.
സാധാരണനിലയിൽ മത്സ്യബന്ധനത്തിനു പോകുന്ന നിലവിലുള്ള ബോട്ടുകളെല്ലാം 24 മീറ്ററിൽ താഴെ മാത്രം നീളമുള്ളവയാണ്. ആഴക്കടലിൽനിന്നു ചെറുതും വലുതുമായ കൂടുതൽ മത്സ്യങ്ങൾ പിടിക്കുകയെന്ന ലക്ഷ്യമാണ് 50 മീറ്റർ നീളമുള്ള യാനങ്ങൾക്ക് അനുമതി നൽകാനുള്ള നീക്കത്തിനു പിന്നിൽ. കോർപറേറ്റ് കന്പനികളുടെ ചെറുകപ്പലുകൾക്ക് ഇത്തരത്തിൽ അനുമതി നൽകുന്നത് ഒന്നോ രണ്ടോ ബോട്ടുകളുള്ള ചെറുകിടക്കാരെയാകും കൂടുതൽ ബാധിക്കുക.
വലിയ കപ്പലുകളും നൂതന സാങ്കേതികവിദ്യയും ചെറിയ ബോട്ടുകളുടെ മത്സ്യ ലഭ്യതയെ സാരമായി ബാധിക്കും. ഇത് തീരദേശ ജനതയെ സാമ്പത്തികവും സാമൂഹികവുമായ ദുരിതത്തിലേക്ക് നയിക്കുമെന്നു മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
പുതിയ നയം നടപ്പിലാക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാരുകൾ, തീരദേശ സമൂഹ പ്രതിനിധികൾ, പരമ്പരാഗത മത്സ്യത്തൊഴിലാളികൾ എന്നിവരുമായി കൂടിയാലോചനകൾ നടത്തണമെന്ന ആവശ്യവും ശക്തമാണ്.
കേന്ദ്രനീക്കം കോർപറേറ്റ് പ്രീണനം: ഹൈബി ഈഡൻ
കൊച്ചി: കപ്പലുകൾക്ക് സമാനമായ 50 മീറ്റർ നീളമുള്ള യാനങ്ങൾ ആഴക്കടൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കാൻ അനുവാദം നൽകാനുള്ള നടപടി കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് പ്രീണനമെന്ന് ഹൈബി ഈഡൻ എംപി.
വർഷങ്ങളായി വിവിധ മേഖലകളിലെ കേന്ദ്രത്തിന്റെ നയപരമായ മാറ്റങ്ങൾ വലിയ കോർപറേറ്റുകൾക്ക് അനുകൂലമായി മാറുകയാണ്. കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് പ്രീണനം പരമ്പരാഗത മത്സ്യബന്ധന മേഖലയിലേക്കും എത്തിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികളും പരമ്പരാഗത തീരജനതയും നിലവിൽ ഒരു സ്വാശ്രയ ഉപജീവനമാർഗത്തിലൂടെ ജീവിക്കുന്നവരാണ്.
കോർപറേറ്റ് സ്ഥാപനങ്ങൾക്ക് കീഴിലുള്ള ആശ്രിത തൊഴിലാളികൾ എന്ന അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടരുത്. തുല്യതയോടും അന്തസോടും കൂടി സുസ്ഥിരമായി വളരാനും നിലനിൽക്കാനും തീരദേശ ജനതയെ പ്രാപ്തരാക്കുന്ന തരത്തിലുള്ള നയങ്ങളാണ് ആവശ്യമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
മത്സ്യബന്ധന, വിപണന, സംസ്കരണ, കയറ്റുമതി മേഖലകൾ ഉൾപ്പെടുന്ന കേരളത്തിന്റെ സമുദ്രാധിഷ്ഠിത സമ്പദ്വ്യവസ്ഥയെ തകർക്കുന്ന നടപടിയിൽനിന്നു കേന്ദ്രസർക്കാർ പിന്മാറണമെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി രാജീവ് രഞ്ജൻ സിംഗിനയച്ച കത്തിൽ ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു.