ആത്മകഥ: ഇ.പി. ജയരാജന്റെ പരാതിയിൽ കുറ്റപത്രം സമർപ്പിച്ചു
Thursday, July 3, 2025 1:57 AM IST
കോട്ടയം: സിപിഎം നേതാവ് ഇ.പി. ജയരാജന്റെ വിവാദ ആത്മകഥ പുറത്തുവന്നതില്‍ ഗൂഢാലോചയാണെന്ന കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഡിസി ബുക്ക്സ് മുന്‍ എഡിറ്റര്‍ എ.വി. ശ്രീകുമാറിനെ പ്രതി ചേര്‍ത്താണു കുറ്റപത്രം സമര്‍പ്പിച്ചത്.
കുറ്റപത്രത്തില്‍ ഗൂഢാലോചന വകുപ്പ് ചുമത്തിയിട്ടില്ല. കോട്ടയം ഈസ്റ്റ് പോലീസാണു കേസ് അന്വേഷിച്ച് ആറുമാസത്തിനുശേഷം കുറ്റപത്രം നല്‍കിയത്. വ്യാജ രേഖ ചമയ്ക്കല്‍, ഐടി ആക്ട് അടക്കമുള്ളവ ചുമത്തിയാണു കുറ്റപത്രം. പുസ്തകത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇപിയുടെ പരാതി.
ഇപിയുടെ പരാതിയില്‍ കോട്ടയം എസ്പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോര്‍ന്നത് ഡിസി ബുക്സില്‍ നിന്നാണെന്നു കണ്ടെത്തിയത്. ഡിസി ബുക്സിന്റെ പ്രസിദ്ധീകരണ വിഭാഗം മേധാവിയായിരുന്ന എ.വി. ശ്രീകുമാര്‍ ആത്മകഥാഭാഗങ്ങള്‍ ചോര്‍ത്തിയെന്നാണ് ഡിജിപിക്ക് നല്കിയ പോലീസ് റിപ്പോര്‍ട്ട്. അന്വേഷണസംഘം കോട്ടയം സിജെഎം കോടതിയിലാണു കുറ്റപത്രം സമര്‍പ്പിച്ചത്.
ഇ.പി. ജയരാജന് എഴുതിയതെന്ന് ഡിസി ബുക്സ് അവകാശപ്പെട്ട കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിൽ പാലക്കാട് ഇടത് സ്ഥാനാര്‍ഥിയായിരുന്ന സരിനെതിരേ വിമര്‍ശനമുള്ളതായി പ്രചരിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവന്ന പുസ്തക വിവാദം സിപിഎമ്മിനു കടുത്ത തലവേദനയാണ് ഉണ്ടാക്കിയത്.
സംഭവം വിവാദമായതോടെ പുസ്തകത്തെ പുര്‍ണമായും തള്ളിപ്പറഞ്ഞാണ് ഇപി രംഗത്തു വന്നത്. ആത്മകഥ എഴുതിക്കൊണ്ടിരിക്കുകയാണെന്നും പൂര്‍ത്തിയായിട്ടില്ലെന്നും പുസ്തകം പ്രസിദ്ധീകരിക്കാനോ പ്രിന്റ് ചെയ്യാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നുമായിരുന്നു ഇപിയുടെ വിശദീകരണം.