അർബുദരോഗികൾക്ക് ആശ്വാസമായി എസ്ഡി സന്യാസിനിമാരുടെ ‘ഹെവൻ ഓഫ് ഹോപ്’
Friday, July 4, 2025 2:00 AM IST
കൊച്ചി: അഗതികളുടെ സഹോദരിമാർ (എസ്ഡി) സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകൻ ധന്യൻ ഫാ. വർഗീസ് പയ്യപ്പിള്ളിയുടെ സ്മരണയ്ക്ക് എറണാകുളം ജനറൽ ആശുപത്രിക്കു സമീപം ‘ഹെവൻ ഓഫ് ഹോപ്’ സെന്റർ തുറന്നു.
നിർധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്കു ചികിത്സാഘട്ടത്തിൽ താമസിക്കുന്നതിന് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സിഎസ്ആർ പദ്ധതിയുടെ ഭാഗമായാണു കെട്ടിടം നിർമിച്ചത്. എസ്ഡി കോൺവന്റിനോടു ചേർന്നാണ് ‘ഹെവൻ ഓഫ് ഹോപ്’ സെന്റർ.
ബാങ്ക് ചെയർമാൻ വി.ജെ. കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക തീർക്കുന്ന അഭയകേന്ദ്രവുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രോജക്ട് ഫോർ പുവർ പീപ്പിൾ (പിപിപി) പദ്ധതിയിലൂടെ പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കാൻ നമുക്കു കഴിയണം. ഇതിനായി പൊതുസമൂഹവും സ്ഥാപനങ്ങളും ഒരേ മനസോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡി പ്രൊവിൻഷൽ സുപ്പീരിയർ സിസ്റ്റർ റെയ്സി തളിയൻ അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒ യുമായ പി.ആർ. ശേഷാദ്രി, നോൺ എക്സിക്യൂട്ടീവ് ഇൻഡിപെൻഡന്റ് ഡയറക്ടർ എം. ജോർജ് കോര, നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരായ പോൾ ആന്റണി, ബെന്നി പി. തോമസ്, സിഒഒ ടി. ആന്റോ ജോർജ് എന്നിവർ മുഖ്യതിഥികളായി. പ്രൊവിൻഷൽ കൗൺസിലർ സിസ്റ്റർ അനീഷ, ഫാ. കുര്യാക്കോസ് മുണ്ടാടൻ, ഫാ. ജയിംസ് പെരേപ്പാടൻ, എസ്ഡി ജനറൽ കൗൺസിലർ സിസ്റ്റർ താരക, സിസ്റ്റർ ആൻ പോൾ എന്നിവർ പ്രസംഗിച്ചു.
സന്യാസസമൂഹത്തിന്റെ പേരിലുള്ള 13 സെന്റ് ഭൂമിയിൽ 10,000 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം പണിതത്. സൗത്ത് ഇന്ത്യൻ ബാങ്ക് സിഎസ്ആർ പദ്ധതിയിലുൾപ്പെടുത്തി മൂന്നു കോടിയിലധികം രൂപ നിർമാണത്തിനായി ചെലവഴിച്ചു.
നാലു നിലകളുള്ള കെട്ടിടത്തിൽ ഒരേ സമയം 32 രോഗികൾക്കും ബന്ധുക്കൾക്കും താമസിക്കാം. രോഗികൾക്ക് ഭക്ഷണമുണ്ടാക്കുന്നതിനു കിച്ചൻ ഏരിയ, രോഗികൾക്കായി അഡ്ജസ്റ്റബിൾ മെഡിക്കൽ ബെഡ്, മറ്റു സൗകര്യങ്ങൾ എന്നിവയാണ് കെട്ടിടത്തിൽ സജീകരിച്ചിട്ടുള്ളത്. ഹെവൻ ഓഫ് ഹോപ് സെന്ററിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.