മന്ത്രിമാര്‍ നിസാരമാക്കി; രക്ഷാപ്രവര്‍ത്തനം രണ്ടര മണിക്കൂര്‍ വൈകി
Friday, July 4, 2025 2:00 AM IST
കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിക്കെട്ടിടം തകര്‍ന്നയുടന്‍ സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എന്‍. വാസവനും വീണാ ജോര്‍ജും അപകടത്തെ നിസാരവത്കരിച്ചു. ഉപയോഗശൂന്യമായ കെട്ടിടമാണ് വീണതെന്നും ആരും അവിടെയുണ്ടായിരുന്നില്ലെന്നും പുതിയ കെട്ടിടത്തിലേക്ക് ഉടന്‍ വാര്‍ഡുകള്‍ മാറ്റുമെന്നുമായിരുന്നു ആവര്‍ത്തിച്ചുള്ള പ്രസ്താവന.
ഇതോടെ രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ നിറുത്തിവയ്ക്കുന്ന സാഹചര്യമുണ്ടായി. ഒരു കൂട്ടിരിപ്പുകാരിക്കും ആശുപത്രി ജീവനക്കാര്‍ക്കും നിസാര പരിക്കേ ഉള്ളൂവെന്നു പറയുമ്പോഴും ബിന്ദു എന്ന സ്ത്രീ മണ്‍കൂനയില്‍ മരണവെപ്രാളത്തില്‍ പിടയുകയായിരുന്നു.
മന്ത്രിമാര്‍ മാധ്യമങ്ങളോടും ഓടിക്കൂടിയവരോടും ആവര്‍ത്തിച്ചത് തകര്‍ന്നുവീണ കെട്ടിടം ഉപയോഗിച്ചിരുന്നതല്ലെന്നാണ്. ഇതാണ് രക്ഷാപ്രവര്‍ത്തനം രണ്ടര മണിക്കൂറോളം വൈകാന്‍ കാരണമായത്. രണ്ടര മണിക്കൂറിനുശേഷം ജെസിബി എത്തിഅവശിഷ്ടങ്ങള് നീക്കിയതോടെയാണ് ഒരു സ്ത്രീയെ ഇവിടെനിന്നും കണ്ടെത്തിയത്.
പീന്നിടാണ് അടച്ചിട്ടിരുന്ന ഈ കെട്ടിടത്തിലെ ശുചിമുറികള്‍ ഉപയോഗിച്ചിരുന്നുവെന്നത് മനസിലാക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലായിട്ടും ആയിരക്കണക്കിനു പേര് എത്തുന്ന ആശുപത്രിക്കെട്ടിടം ബന്ധവസാക്കാനുള്ള നടപടി സ്വീകരിച്ചില്ല.
അപകടസ്ഥലത്തേക്ക് ജെസിബി കടത്തിക്കൊണ്ടുവരാന്‍ ഒരു സംവിധാനവുമുണ്ടായിരുന്നില്ല. രോഗികളെ ഒഴിപ്പിച്ച ആശുപത്രി വാര്‍ഡിലൂടെ ജെസിബി കടത്തിക്കൊണ്ടുപോയാണ് ഇടിഞ്ഞുവീണ മണ്ണ് നീക്കിയതും മൃതദേഹം കണ്ടെത്തിയതും.
രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എയും ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലും സ്ഥലത്തെത്തി പ്രതിഷേധിച്ചു.
വാര്‍ഡില്‍ രോഗിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ കാണാതായതായി പരാതി ഉയര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ വിഷയം ഗൗരവത്തില്‍ എടുത്തില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു.
രക്ഷാപ്രവർത്തകർ കുതിച്ചെത്തി; എന്നിട്ടും...
കോട്ടയം: കെട്ടിടം വീണ് പത്തു മിനിറ്റിനുള്ളില്‍ കോട്ടയത്തുനിന്നുള്ള ഫയര്‍ ഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്തെത്തി. ഗാന്ധിനഗര്‍, കോട്ടയം പോലീസും ഓടിയെത്തി. സ്ഥിതി ഗുരുതരമെന്ന ആശങ്കയില്‍ ദ്രുതകര്‍മ സേനയും എആര്‍ ക്യാമ്പില്‍നിന്നുള്ള റിസര്‍വ് പോലീസും എത്തി.
എന്നാൽ രണ്ടു പേര്‍ക്ക് നിസാര പരിക്കേറ്റതേയുള്ളൂവെന്ന നിലപാടിലായിരുന്നു മെഡിക്കൽ കോളജ് അധികൃതർ. സ്ഥലത്തെത്തിയ മന്ത്രിമാരായ വി.എന്‍. വാസവനും വീണാ ജോർജും ഇതാവർത്തിക്കുകയും ചെയ്തു. ഉപയോഗിക്കാത്ത കെട്ടിടമാണെന്നും അതിനാൽത്തന്നെ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടാകില്ലെന്നുമുള്ള ധാരണ പരക്കുകയും ചെയ്തു. മന്ത്രിമാര്‍ ആശ്വാസവാക്കുകള്‍ പറഞ്ഞതോടെ രക്ഷാപ്രവര്‍ത്തിനെത്തിയ ഏറെപ്പേരും മടങ്ങി.
എന്നാൽ, അപകടം അറിഞ്ഞയുടന്‍ ബിന്ദുവിനെ ഫോണില്‍ കിട്ടാതെ മകള്‍ നവമി സമീപത്തെ രോഗികളോടും ബന്ധുക്കളോടും ആശങ്ക അറിയിച്ചു. കുളിക്കാന്‍ പോയ അമ്മ മടങ്ങി വന്നിട്ടില്ലെന്ന മകളുടെ മുറവിളിയെത്തുടര്‍ന്നാണ് തെരച്ചില്‍ നടത്താന്‍ തീരുമാനമുണ്ടായത്. രണ്ടര മണിക്കൂറിനുശേഷമാണ് പെരുമഴയ്ക്കിടെ ഹിറ്റാച്ചി ഒരു വിധം സ്ഥലത്തെത്തിച്ചത്.
ഇത്തരം അത്യാഹിതം നേരിടാനുള്ള സംവിധാനം കോട്ടയത്തുണ്ട്. കോട്ടയം, പാമ്പാടി, കടുത്തുരുത്തി, വൈക്കം എന്നിവിടങ്ങളില്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകളുണ്ട്. പോലീസ് ക്യാമ്പില്‍ മുന്നൂറു റിസര്‍വ് പോലീസുണ്ട്.
അഞ്ഞൂറോളം ഡോക്ടര്‍മാരും രണ്ടായിരം നഴ്സുമാരും മെഡിക്കല്‍ വിദ്യാര്‍ഥികളും മെഡിക്കല്‍ കോളജിലുണ്ട്. നഗരത്തില്‍ ജില്ലാ ആശുപത്രിയുമുണ്ട്. എല്ലാ സംവിധാനങ്ങളുമുള്ള ആറ് സ്വകാര്യ ആശുപത്രികള്‍ സമീപത്തുണ്ട്. ഇത്രയേറെ സാധ്യതകളും സാഹചര്യങ്ങളുമുണ്ടായിരിക്കെയാണ് മെഡിക്കല്‍ കോളജിലെ ദാരുണ മരണം.
അഞ്ച് കിലോമീറ്റര്‍ അകലെ മുഖ്യമന്ത്രിയും സംഘവും
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഇന്നലെ രാവിലെ കെട്ടിടം തകര്‍ന്നു വീണപ്പോള്‍ അഞ്ചു കിലോമീറ്റര്‍ അകലെ മുഖ്യമന്ത്രിയും നാലു മന്ത്രിമാരും ഉള്‍പ്പെടെയുള്ള ഉന്നതല സംഘമുണ്ടായിരുന്നു.
കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാനാണ് തെള്ളകം ഡിഎം കണ്വന്ഷന് സെന്ററില്‍ യോഗം നടന്നിരുന്നത്. ഈ സമയത്താണ് രാവിലെ മെഡിക്കല്‍ കോളജില്‍ അപകടമുണ്ടായത്.
സംഭവമറിഞ്ഞയുടന്‍ മന്ത്രിമാരായ വി.എന്‍. വാസവനും വീണാ ജോര്‍ജും മെഡിക്കല്‍ കോളജിലെത്തിയിട്ടും രക്ഷാപ്രവർത്തനം യഥാസമയം നടന്നില്ല.