ഗ്രേഡ് എസ്ഐമാര്‍ക്ക് ഇനി മുതല്‍ കേസ് അന്വേഷിക്കാനാവില്ല
Friday, July 4, 2025 2:00 AM IST
കൊച്ചി: ഗ്രേഡ് എസ്ഐമാര്‍ക്ക് ഇനിമുതല്‍ കേസ് അന്വേഷണം നടത്താന്‍ കഴിയില്ല. ഗ്രേഡ് എസ്ഐമാരെ യഥാര്‍ഥ എസ്ഐമാരായി കണക്കാക്കാന്‍ കഴിയാത്തതിനാല്‍ കേസ് അന്വേഷണം നടത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
കേസന്വേഷണം ഉള്‍പ്പെടെയുള്ള എസ്ഐ ചുമതലകള്‍ വഹിക്കുന്നതിന് നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്താനാകില്ലെന്ന കാര്യം ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിയാണ് പോലീസ് മേധാവിയെ അറിയിച്ചത്. ഈ ആവശ്യമുന്നയിച്ച് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ മാസം സര്‍ക്കാരിനു നല്കിയ കത്തിനു മറുപടിയായിട്ടാണ് ആഭ്യന്തരവകുപ്പ് ഇക്കാര്യമറിയിച്ചത്.
പോലീസ് ഉദ്യോഗസ്ഥര്‍ 25 വര്‍ഷത്തെ യോഗ്യതാ സേവനം പൂര്‍ത്തിയാക്കുമ്പോള്‍ എസ്ഐ എന്ന ഗ്രേഡ് പദവി അനുവദിക്കാറുണ്ട്. എന്നാല്‍ വിവിധ ചട്ടങ്ങള്‍ പ്രകാരം നല്കുന്ന അധികാരങ്ങള്‍, കടമകള്‍, ബാധ്യതകള്‍ എന്നിവയുടെ കാര്യത്തില്‍ ഗ്രേഡ് എസ്ഐയെ യഥാര്‍ഥ എസ്ഐ റാങ്കുമായി തുല്യമാക്കാന്‍ കഴിയില്ലെന്നാണ് ഉത്തരവിലുള്ളത്.
കെ.എസ്. ബാലസുബ്രഹ്മണ്യം പോലീസ് മേധാവിയായിരിക്കെ ഗ്രേഡ് എസ്ഐമാരുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കൃത്യമായ മാനദണ്ഡം പുറപ്പെടുവിച്ചിരുന്നു. പ്രിന്‍സിപ്പല്‍ എസ്ഐയുടെയോ സ്റ്റേഷന് ഇന്‍ ചാര്‍ജിന്റെയോ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കണമെന്നായിരുന്നു ആ മാര്ഗനിര്ദേശത്തിലുണ്ടായിരുന്നത്.