രക്ഷാപ്രവര്‍ത്തനം വൈകിയതിൽ അന്വേഷണം നടത്തണമെന്ന് കെ.സി. വേണുഗോപാല്‍
Friday, July 4, 2025 2:00 AM IST
കോട്ടയം: കെട്ടിടം തകര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരാളുടെ ജീവന് നഷ്ടപ്പെട്ട സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം വൈകിയതിൽ അന്വേഷണം നടത്തണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.
സംഭവം നടന്ന സ്ഥലത്തെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി വാസവനും നിജസ്ഥിതി പരിശോധിച്ചു കാര്യങ്ങള്‍ മനസിലാക്കി അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തിയ ശേഷമാണു തകര്‍ന്ന കെട്ടിടത്തില്‍ ആളില്ലായിരുന്നുവെന്നു പറയേണ്ടത്. ഇത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു കാലതാമസമുണ്ടാക്കി. അല്ലായിരുന്നെങ്കില്‍ പാവപ്പെട്ട വീട്ടമ്മയുടെ ജീവന് രക്ഷിക്കാമായിരുന്നു. ഇത് മന്ത്രിമാരുടെ ഭാഗത്തുനിന്നുണ്ടായ പാകപ്പിഴവാണ്. ഒരു സാധു സ്ത്രീ മരിക്കാനിടയായത് നിര്‍ഭാഗ്യകരമാണെന്നും വേണുഗോപാല്‍ പറഞ്ഞു
ആരോഗ്യമേഖല നാഥനില്ലാക്കളരിയാണ്. സര്‍ക്കാര്‍ ആശുപത്രികളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടിയിട്ടും പരിഹാരമില്ല. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്നതിലും കാലപ്പഴക്കം ചെന്നവ പുതുക്കിപ്പണിയുന്നതിലും ആരോഗ്യവകുപ്പും പൊതുമരാമത്തും വകുപ്പും തമ്മില്‍ ഏകോപനമില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.