ആരോഗ്യമന്ത്രി രാജിവയ്ക്കണം: രമേശ് ചെന്നിത്തല
Friday, July 4, 2025 2:00 AM IST
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കെട്ടിടം ഇടിഞ്ഞുവീണതുപോലെ സർക്കാരും ഉടൻ ഇടിഞ്ഞുവീഴുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യമന്ത്രി പരാജയമാണെന്ന് ഓരോ സംഭവങ്ങളും വിരൽ ചൂണ്ടുന്നതായി രമേശ് പറഞ്ഞു. സംവിധാനത്തിന്റെ തകരാറാണ് ആരോഗ്യവകുപ്പിലുള്ളതെന്ന് മന്ത്രിതന്നെ സമ്മതിച്ച സാഹചര്യത്തിൽ വകുപ്പിനു നേതൃത്വം നൽകുന്നയാളെന്ന നിലയിൽ രാജിവച്ചു പോകണം.
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിക്കാനിടയായ സംഭവം വകുപ്പിന്റെ ദയനീയതയാണ് പുറത്തു കാട്ടുന്നത്. അപകടമുണ്ടായപ്പോൾതന്നെ ആർക്കും ഒരു കുഴപ്പവുമില്ലെന്നു വിധിയെഴുതിയ മന്ത്രിമാർ മനുഷ്യജീവന് എന്തു വിലയാണു നൽകിയത്.
രക്ഷാപ്രവർത്തനം വൈകിച്ചതിന്റെ ഉത്തരവാദിത്വം അവർക്കാണ്. ഒരു ഭർത്താവിന് തന്റെ ഭാര്യയെ കാണാനില്ലെന്ന പരാതി വാങ്ങിയശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത് എന്നതുതന്നെ സംവിധാനത്തിന്റെ പാളിച്ചകളുടെ മൂർധന്യാവസ്ഥയാണ് പ്രകടമാക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.