ഡിസിഎൽ ബാലരംഗം
Friday, July 4, 2025 2:00 AM IST
കൊച്ചേട്ടന്റെ കത്ത്
ചാരുവിന്റെ ചാരെ ഗുരുവുണ്ട്, ഗുരുത്വവും സ്നേഹമുള്ള ഡിസിഎൽ കൂട്ടുകാരേ,
""ഒരു പൈനാപ്പിളിന്റെ സങ്കട ജീവിതത്തിലേക്ക് സ്വാഗതം. സായിപ്പുമാരെന്നെ "ആപ്പിൾ' ആയും മലയാളികൾ എന്നെ "ചക്ക'യായും കണക്കാക്കുന്നു. ഈ പെയ്ൻ (pain) നിറഞ്ഞ ലൈഫുള്ള ഞാൻ "പെയ്ൻ ആപ്പിൾ' ആയി സെൽഫ് ഐഡന്റിഫൈ ചെയ്യും! പ്രതിജ്ഞ!'' ജൂൺ 27-ാം തീയതി ലോക പൈനാപ്പിൾ ദിനത്തിലെ ചാരുവിന്റെ കുറിപ്പു വായിച്ചപ്പോൾ പൊട്ടിച്ചിരിച്ചുപോയി, ഒപ്പം അല്പം അതിശയവും.
ദീപിക ബാലസഖ്യം കോഴിക്കോട് പ്രവിശ്യാ സന്ദർശനവേളയിൽ അമലാപുരി സിഎംഐ പ്രൊവിൻഷ്യൽഹൗസിൽവച്ച് പ്രൊവിൻഷ്യൽ ഫാ. ബിജു വെള്ളക്കടയാണ്, ഒന്നാംക്ലാസ് മുതൽ തന്റെ സിൽവർ ഹിൽസ് സ്കൂളിന്റെ സ്വർണത്തിളക്കമായ അതിശയബാലിക ചാരു നൈനിക എന്ന ചാരുമോളെ പരിചയപ്പെടുത്തിയത്. ദേവഗിരി കോളജിൽ തന്റെ സഹപാഠിയായിരുന്ന ജി.എൽ. ലിജുവിന്റെയും വനിതാ സംരംഭകയും എഴുത്തുകാരിയുമായ അഞ്ജലി ചന്ദ്രന്റെയും ഏക മകളാണ് ഒൻപതാംക്ലാസുകാരിയായ ചാരു.
കൂട്ടുകാരേ, എന്തുകൊണ്ടാണ് ചാരു ഇന്നത്തെ കൊച്ചേട്ടന്റെ കത്തിലെ നായികയാകുന്നത്? ചാരു രണ്ടു വയസുമുതൽ ചിത്രം വരയ്ക്കാൻ തുടങ്ങിയതുകൊണ്ടാണോ? അഞ്ചാംക്ലാസിൽ പഠിക്കുന്പോൾ, തന്റെ പത്താംവയസിൽ "ദി അൺനോൺ ഫ്രണ്ട്' എന്ന തന്റെ പ്രഥമ പുസ്തകം പ്രസിദ്ധീകരിച്ചതുകൊണ്ടോ? അതോ കോവിഡ്കാല ഓർമ്മകളെ കണ്ണീർ നനവുള്ള കഥാപശ്ചാത്തലത്തിൽ എഴുതുന്ന "ദി റിവേഴ്സ് ക്വാറന്റൈൻ' എന്ന മികച്ച പുസ്തകം എഴുതിയിട്ടോ? ഇതും കൂടാതെ, 14-ാം വയസിൽ രാഷ്ട്രപതിയുടെ ഉജ്വല ബാലിക അവാർഡ് നേടിയിട്ടോ?
ഇതെല്ലാമാകാം കാരണം. എന്നാൽ, ഇതു കൂടാതെ രണ്ടു കാര്യങ്ങൾ കൂടിയുണ്ട്, ചാരു ഈ പേജിൽ വരാൻ. ഒന്ന്, "ഡൂഡിൽ ചാരു' എന്ന പേരിൽ അവൾ തുടങ്ങിയ തന്റെ യു ട്യൂബ് ചാനലിലൂടെ അവളവതരിപ്പിക്കുന്ന മികച്ച പുസ്തക നിരൂപണം.
രണ്ട്, ഒരു പുതിയ സംരംഭത്തിനു പോകുന്നതിനു മുന്പ് തന്റെ അധ്യാപകന്റെ മുന്നിൽ മാതാപിതാക്കളോടൊപ്പംവന്ന് അനുഗ്രഹം വാങ്ങുന്ന ഒരുവിദ്യാർഥിനിയുടെ വിനയം.
ആ കാഴ്ച കണ്ടുകൊണ്ടാണ് ഞാനങ്ങോട്ടു ചെല്ലുന്നത്. അത് അത്യപൂർവമായ ഒരു കാഴ്ചയൊന്നുമല്ല. എന്നാൽ, തന്റെ അധ്യാപകനായ വൈദികന്റെ മുന്പിൽ അനുഗ്രഹം യാചിച്ച് ശിരസു താഴ്ത്തി നിൽക്കുന്ന ചാരുമോൾ, ഇന്ന് സാക്ഷരകേരളം കാണാൻ കൊതിക്കുന്ന ഗുരുത്വ വിതരണത്തിന്റെ സൗന്ദര്യമാണ് എന്നെനിക്കു തോന്നി.
മാതാപിതാക്കളുടെയും അധ്യാപകന്റെയും നടുവിലാണ് ഞാനാവിദ്യാർഥിനിയെ കണ്ടത്. ""ബിജു അച്ചനാണ് അവളുടെ മെന്റർ. ഒന്നാംക്ലാസ് മുതൽ അച്ചനോടു പറഞ്ഞിട്ടേ എന്തും ചെയ്യൂ!'' അമ്മ അഞ്ജലിയുടെ വാക്കുകൾ. നല്ല അധ്യാപകരുടെ പരിസരത്ത്, നല്ല മാതാപിതാക്കളുടെ പരിചരണത്തിൽ വളരാൻ, ഭാഗ്യമുള്ള മക്കൾ ചാരുവിനെപ്പോലെ പൂത്തുലയും. ഇംഗ്ലീഷ് ഒന്നുമറിയാതെ ഒന്നാംക്ലാസിൽ സിൽവർഹിൽസിൽ വന്ന ചാരു നൈനിക, പത്താംവയസിൽ ഒന്നാമത്തെയും 14-ാം വയസിൽ രണ്ടാമത്തെയും പുസ്തകങ്ങൾ എഴുതിയത് ഇംഗ്ലീഷിലാണ്.
പുതിയ പുസ്തകങ്ങൾ വായിക്കുവാനും സമപ്രായക്കാരുമായി തന്റെ വായനാ വിശേഷങ്ങൾ പങ്കുവയ്ക്കാനും നിരന്തരം ശ്രമിക്കുന്ന ചാരു, തിരുവനന്തപുരത്തിന് പോകുംമുന്പാണ് പ്രിയ ഗുരുവിന്റെ അനുഗ്രഹം വാങ്ങാനെത്തുന്നത്. അത് ഇന്ത്യയുടെ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുമായി പഠനചർച്ച നടത്താനാണ്! ബഹിരാകാശത്തുനിന്നു ശുഭാംശു വിളിക്കുന്പോൾ ഭൂമിയിൽനിന്നു വിളികേൾക്കാൻ വിളിക്കപ്പെട്ട ആറു വിദ്യാർഥികളിൽ ഒരാൾ ചാരു നൈനികയാണ്! നവമാധ്യമചിതലുകൾ തിന്നാത്ത ബാലചേതനകളിൽ ചിതറിപ്പോകാത്ത സ്വപ്നങ്ങളുണ്ട് എന്നും ആ സ്വപ്നങ്ങളിലേക്കുള്ള യാത്രയിൽ അച്ഛനുമമ്മയും ഒരു വശത്തും ഗുരുകൃപാകടാക്ഷം മറുവശത്തുമുണ്ടാകണം എന്നുമുള്ള ശുഭപ്രതീക്ഷകളുടെ സിൽവർ സാക്ഷ്യമാണ്, ചാരു നൈനിക. ഏവർക്കുമുണ്ട്, അവരവരുടെ സാധ്യതകൾ... എല്ലാ കൂട്ടുകാരുടെയും ഉള്ളുണരട്ടെ.
ശുഭാശംസകളോടെ,
സ്വന്തം കൊച്ചേട്ടൻ
ഇടുക്കിയുടെ തുടിപ്പുകൾ ഏറ്റുവാങ്ങി ഡിസിഎൽ പതാക പാറി

കട്ടപ്പന: ദീപിക ബാലസഖ്യത്തിന്റെ 2025-26 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾക്ക് പ്രൗഢോജ്വല തുടക്കം. ദീപിക ബാലസഖ്യത്തിന്റെയും ഡിസിഎൽ ആന്റി ഡ്രഗ് ബ്രിഗേഡിന്റെയും സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കേരള ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
ഇടുക്കി രൂപതാ മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സിഎംഐ ആമുഖ പ്രഭാഷണം നടത്തി
ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ.ഡോ. ജോർജ് തകിടിയേൽ, ഡിസിഎൽ പ്രവിശ്യാ ലീഡർ അൽസ മരിയ ജോർജ്, സ്കൂൾ ലോക്കൽ മാനേജർ ഫാ. സഖറിയാസ് കുമ്മണ്ണൂപറന്പിൽ, ഡിസിഎൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഫാ. പോൾ മണവാളൻ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി ജോർജ്, ഡിസിഎൽ നാഷണൽ കോ-ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ, പ്രവിശ്യാ കോ-ഓർഡിനേറ്റർ എം.വി. ജോർജുകുട്ടി, കട്ടപ്പന മേഖല ഓർഗനൈസർ ടോം കണയങ്കവയൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഡിസിഎൽ എറണാകുളം പ്രവിശ്യാ കോ-ഓർഡിനേറ്റർ ജി.യു. വർഗീസ് വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞചൊല്ലിക്കൊടുത്തു. മാസ്റ്റർ ആൽബിൻ ഷാജിയുടെ ലഹരിവിരുദ്ധ നൃത്തം ചടങ്ങിനു മാറ്റുകൂട്ടി.
ഡി സി എൽ ചങ്ങനാശേരി മേഖല പ്രവർത്തനവർഷ ഉദ്ഘാടനം

ചങ്ങനാശേരി:ഡി സി എൽ ചങ്ങനാശേരി മേഖല പ്രവർത്തന വർഷ ഉദ്ഘാടനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കുരിശുംമൂട് സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ.ആന്റണി എത്തക്കാട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
ഡിസിഎൽ കേന്ദ്രസമിതി അംഗം ആൻസി മേരി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ മീഡിയാ വില്ലേജ് എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ് അനുഗ്രഹ പ്രഭാഷണം നടത്തി. ഡി സി എൽ നാഷണൽ കോ- ഓർഡിനേറ്റർ വർഗീസ് കൊച്ചുകുന്നേൽ ആമുഖ സന്ദേശം നൽകി. മേഖല ഓർഗൈനസർ ജോഷി കൊല്ലാപുരം ഒരു വർഷത്തെഡി സിഎൽ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
കെ. വിപിൻ രാജ്,പരിമൾ ആന്റണി, റോയി തോമസ്, അൽഫോൻസ ജോസഫ് എന്നിവർ പ്രസംഗിച്ചു.ഡി സി എൽ ഫാത്തിമാപുരം ബി റ്റി കെ സ്കൂളിലെ ഭാരവാഹികൾ പ്രാർത്ഥന ഗാനവും കിളിമല എസ് എച്ച് സ്കൂളിലെ ഭാരവാഹികൾ ഡിസിഎൽ ആന്തവും ആലപിച്ചു.