ഹേമചന്ദ്രൻവധം ; മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചയാള്‍ പിടിയില്‍
Friday, July 4, 2025 2:00 AM IST
കോഴിക്കോട്: കോഴിക്കോട്ടുനിന്നു തട്ടിക്കൊണ്ടുപോയി വയനാട് സ്വദേശി ഹേമചന്ദ്രനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ മൃതദേഹം മറവ് ചെയ്യാന്‍ സഹായിച്ചയാള്‍ പിടിയില്‍.
വയനാട് നടവയല്‍ പൂതാടി താമസിക്കുന്ന നെന്മേനി മാടക്കര വേങ്ങശേരി വീട്ടില്‍ വൈശാഖി(35)നെയാണ് സുല്‍ത്താന്‍ ബത്തേരിയില്‍നിന്നു പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
ബത്തേരി മാടക്കര പനങ്ങാര്‍ വീട്ടില്‍ ജ്യോതിഷ് കുമാര്‍, കള്ളുവടിവീട്ടില് ബിഎസ്. അജേഷ് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. ചോദ്യം ചെയ്യലിനുശേഷം വൈശാഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകാനും മൃതദേഹം കുഴിച്ചു മൂടാനും താനും ഒപ്പമുണ്ടായിരുന്നതായി ചോദ്യംചെയ്യലില്‍ വൈശാഖ് സമ്മതിച്ചു.
ആദ്യമൊക്കെ പ്രതികള്‍ മറച്ചുവച്ച പേരാണ് വൈശാഖിന്റേത്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തി നടത്തിയ ചോദ്യംചെയ്യലിലാണ് ഇയാളും തങ്ങളുടെ കൂടെയുണ്ടായിരുന്നതായി സമ്മതിച്ചത്.ആദ്യം പിടിയിലായ ജ്യോതിഷ് കുമാറുമായി ചെറുപ്പം തൊട്ടുള്ള സൗഹൃദമാണ് ഈ കുറ്റകൃത്യത്തിലേക്കു വൈശാഖ് ഉള്‍പ്പെടാന്‍ കാരണം.
ഹേമചന്ദ്രനുമായി തനിക്കുള്ള സാമ്പത്തികമായ ഇടപാടും മറ്റു കാര്യങ്ങളും വൈശാഖുമായി എപ്പോഴും ജ്യോതിഷ് പങ്കുവയ്ക്കുമായിരുന്നു. പിന്നീട് കേസിലെ മുഖ്യപ്രതി വിദേശത്തുള്ള നൗഷാദുമായും ഹേമചന്ദ്രന് സാമ്പത്തിക ഇടപാടുണ്ടെന്നും ഒന്നിച്ചു നിന്നാല്‍ ഹേമചന്ദ്രനില്നിന്ന് പണം ഇടാക്കാമെന്നും രണ്ടുപേരും ധാരണയില്‍ എത്തി.
നൗഷാദിനു വാടകയ്ക്ക് കാര്‍ കൊടുക്കുന്ന ബിസിനസുണ്ടെന്നും ഗുണ്ടകളുമായി അയാള്‍ക്കുള്ള ബന്ധം ഉപയോഗപ്പെടുത്താമെന്നും വിചാരിച്ചാണ് ഇരുവരും നൗഷാദിനൊപ്പം ചേര്‍ന്ന് ഹേമചന്ദ്രനെ തട്ടിക്കൊണ്ടു പോകാന്‍ തീരുമാനിക്കുന്നത്. കാറില്‍വച്ചുതന്നെ ഹേമചന്ദ്രനെ ഇവര്‍ മര്ദിച്ചിച്ചിരുന്നു. സംഭവം നടക്കുന്ന ദിവസങ്ങളില്‍ വൈശാഖിനും അജേഷിനും ചേരമ്പാടി ഭാഗത്തുള്ള ഒരു റിസോര്‍ട്ടിലായിരുന്നു ഇന്റിരിയര്‍ വര്‍ക്ക് ചെയ്തിരുന്നത്.
മാര്‍ച്ച് 22ന് ഉച്ചയോടെ നാലുപേരും ചേരമ്പാടി ഭാഗത്ത് ഒരുമിച്ച് കൂടി. മുതദേഹം മറവ് ചെയ്യാന്‍ അവിടെയുള്ള പല സ്ഥലങ്ങളും നോക്കി അവസാനമാണ് കാപ്പിക്കാടിനടുത്ത് ആനയിറങ്ങുന്ന കൊടും കാട് തെരഞ്ഞെടുത്തത്. അതേസമയം കേസിലെ മുഖ്യപ്രതി നൗഷാദിനെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടിക്രമത്തിലാണ് പോലീസ്.