റെയിൽവേ റിസർവേഷൻ ചാർട്ടിൽ വീണ്ടും പരിഷ്കരണം
Friday, July 4, 2025 2:00 AM IST
കൊല്ലം: ട്രെയിനുകളുടെ ആദ്യ റിസർവേഷൻ ചാർട്ടുകൾ തയാറാക്കുന്നതിനുള്ള സമയത്തിൽ വീണ്ടും പരിഷ്കരണവുമായി റെയിൽവേ.
രാവിലെ അഞ്ചിനും ഉച്ചകഴിഞ്ഞ് രണ്ടിനും മധ്യേ പുറപ്പെടുന്ന ട്രെയിനുകളുടെ ചാർട്ട് തലേദിവസം രാത്രി ഒമ്പതിന് തയാറാക്കണമെന്നാണ് നിർദേശം.
സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിറ്റം മാനേജിംഗ് ഡയറക്ടർ സർക്കുലർ എല്ലാ സോണൽ റെയിൽവേയിലെയും പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക് കൈമാറി.
ഉച്ചകഴിഞ്ഞ് രണ്ടിനും രാത്രി 11.59 നും മധ്യേ പുറപ്പെടുന്ന ട്രെയിനുകൾക്കും അർധരാത്രി മുതൽ പുലർച്ചെ അഞ്ചിനും മധ്യേ പുറപ്പെടുന്ന ട്രെയിനുകൾക്കും ആദ്യ ചാർട്ട് വണ്ടി പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് തയാറാക്കണം.രണ്ടാമത്തെ ചാർട്ട് തയാറാക്കുന്നതിന് നിലവിലുള്ള നിയമങ്ങളിൽ മാറ്റമൊന്നുമില്ല. റിമോട്ട് ലൊക്കേഷൻ സ്റ്റേഷനുകളിൽ നടത്തുന്ന ചാർട്ടിംഗിനും നിർദേശങ്ങൾ ബാധകമാണ്.