ഡിജിപി നിയമനം വിവാദമാക്കേണ്ടതില്ല: എം.വി. ജയരാജൻ
Friday, July 4, 2025 2:00 AM IST
കണ്ണൂർ: ഡിജിപി നിയമനത്തിൽ ചിലർ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് സർക്കാർ രവാഡ ചന്ദ്രശേഖറുടെ നിയമനം നടത്തിയത്. കൂത്തുപറന്പ് വെടിവയ്പ് സംഭവത്തിൽ രവാഡ ചന്ദ്രശേഖരിന് പങ്കില്ലെന്ന് ഇതു സംബന്ധിച്ച് അന്വേഷിച്ച പദ്മനാഭൻ നായർ കമ്മീഷൻ കണ്ടെത്തിയിരുന്നു. വെടിവയ്ക്കാൻ ഉത്തരവിട്ടത് അന്നത്തെ ഡപ്യൂട്ടി കളക്ടറായ ടി.ടി. ആന്റണിയും നടപ്പാക്കിയത് ഡിവൈഎസ്പി ഹക്കിം ബത്തേരിയുമാണ്.
കൂത്തുപറന്പ് കേസിലെ പ്രതിയായ പദ്മകുമാറിന് നേരത്തേ ഡിജിപി പദവി നൽകിയിട്ടുണ്ട്. ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് സിപിഎമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്നത് ദുഷ്ടലാക്കോടുകൂടിയുള്ള കള്ളപ്രചാരണമാണ്.
രവാഡ ചന്ദ്രശേഖറിന്റെ നിയമനവുമായി ബന്ധപ്പെട്ട് പാർട്ടി നേതാക്കൾക്കിടയിൽ ഒരഭിപ്രായ ഭിന്നതയുമില്ല. ഡിജിപി നിയമനവുമായി ബന്ധപ്പെട്ട് പി. ജയരാജൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നല്ലോ എന്ന ചോദ്യത്തിന് താൻ പാർട്ടി നിലപാടിനൊപ്പമാണെന്ന് അദ്ദേഹം തന്നെ കൃത്യമായി വിശദീകരിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി.
ഡിജിപി നിയമനവും വിവാദങ്ങളുടെ വസ്തുതകളും എന്ന പേരിൽ പാർട്ടി മുഖപത്രത്തിൽ ഇന്നലെ പ്രസിദ്ധീകരിച്ച ലേഖനത്തിലും കൂത്തുപറന്പ് വെടിവയ്പിൽ രവാഡ ചന്ദ്രശേഖറിനു പങ്കില്ലെന്ന് എം.വി. ജയരാജൻ ചൂണ്ടിക്കാട്ടിയിരുന്നു.
സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനു നൽകിയ പട്ടിക അഞ്ചംഗ കമ്മീഷൻ സ്ക്രൂട്ടിനി നടത്തിയ ശേഷം നൽകിയ മൂന്നു പേരുടെ പട്ടികയിൽ നിന്നാണ് ഡിജിപി നിയമനം നടത്തിയതെന്ന് ലേഖനത്തിൽ പറഞ്ഞിരുന്നു. എല്ലാത്തിനെയും വിവാദമാക്കാൻ ശ്രമിക്കുന്നവർ ഇതും വിവാദമാക്കാനാണ് ശ്രമിക്കുന്നത്.
ഈ നിയമനം മാത്രം വിവാദമാക്കുന്നതിന്റെ പിന്നിലെ ചേതോവികാരം ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം മാത്രമാണെന്നും വസ്തുത ഇതൊക്കയായതിനാൽ ഡിജിപി നിയമനം വിവാദമാക്കുന്നവരുടെ അപവാദപ്രചാരണങ്ങൾ ജനം തള്ളിക്കളയുമെന്നും ലേഖനത്തിൽ എം.വി. ജയരാജൻ പറഞ്ഞിരുന്നു.