കാമ്പസിനു പുറത്തുള്ള സംഘര്‍ഷം റാഗിംഗായി കണക്കാക്കുന്ന നിയമഭേദഗതി വേണം: ഹൈക്കോടതി
Friday, July 4, 2025 2:00 AM IST
കൊച്ചി: കാമ്പസിന് പുറത്തുള്ള വിദ്യാര്‍ഥി സംഘര്ഷങ്ങൾക്കൂടി റാഗിംഗായി കണക്കാക്കാവുന്ന രീതിയില്‍ കേരള റാഗിംഗ് നിരോധന നിയമത്തില്‍ ഭേദഗതി വേണമെന്ന് ഹൈക്കോടതി.
ഹോസ്റ്റലുകളെയും വിദ്യാലയങ്ങളെയും റാഗിംഗ് നിയമപരിധിയില്‍ കൊണ്ടുവരണമെന്നും ചീഫ് ജസ്റ്റീസ് നിധിന് ജാംദാര്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന പ്രത്യേക ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു. ഇത്തരമൊരു ആവശ്യമുയര്‍ന്നെങ്കിലും ഇക്കാര്യത്തില്‍ പോലീസിന് നേരിട്ട് മറ്റ് നിയമങ്ങള്‍ പ്രകാരം നടപടി എടുക്കാമെന്നതിനാല്‍ റാഗിംഗ് നിയമത്തില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ നിയമം കര്ശനമാകണമെങ്കില് ഇക്കാര്യം അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. നിയമഭേദഗതിയുമായി ബന്ധപ്പെട്ട കരട് തയാറായതായി സര്‍ക്കാരിനുവേണ്ടി പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. കരടിന്റെ പകര്‍പ്പ് കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റിക്കും യുജിസിക്കും നല്കാന് കോടതി നിര്‍ദേശിച്ചു.
ജാമ്യമില്ലാ വകുപ്പുകളടക്കം ചേര്‍ത്ത് കര്‍ശന സ്വഭാവത്തിലുള്ള നിയമമാണ് തയാറാകുന്നതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. നിയമത്തിന്റെ കരട് ലഭിക്കുന്ന മുറയ്ക്ക് റാഗിംഗ് വിഷയത്തില്‍ നിലപാട് അറിയിക്കാമെന്ന് യുജിസി അറിയിച്ചു.
റാഗിംഗ് സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ചതും കോട്ടയം ഗവ. നഴ്സിംഗ് കോളജ് വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചതടക്കമുള്ള വിഷയം ചൂണ്ടിക്കാട്ടി കെല്‍സ സമര്പ്പിച്ചതുമടക്കമുള്ള ഹര്‍ജികളാണ് ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
കോടതി നിര്‍ദേശത്തെ തുടര്‍ന്ന് റാഗിംഗ് നിരോധന നിയമത്തില്‍ ഭേദഗതിക്കായി ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറി ചെയര്‍മാനായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു.