വിസ്മയ കേസിൽ സുപ്രീംകോടതി; പ്രതി കിരണ്‍ കുമാറിന്റെ ശിക്ഷ താത്കാലികമായി മരവിപ്പിച്ചു
Thursday, July 3, 2025 1:58 AM IST
ന്യൂഡൽഹി: സ്ത്രീധന പീഡനത്തെത്തുടർന്ന് ഭാര്യ വിസ്മയ ജീവനൊടുക്കിയ കേസിൽ ഭർത്താവ് കിരണ്‍ കുമാറിന് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീംകോടതി താത്കാലികമായി മരവിപ്പിച്ചു. പ്രതി കിരണ്‍ കുമാറിനെ ജാമ്യത്തിൽ വിടാനും സുപ്രീംകോടതി ജസ്റ്റീസുമാരായ എം.എം. സുന്ദരേശ്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.
ആത്മഹത്യാപ്രേരണകുറ്റം നിലനിൽക്കില്ലെന്നും ശിക്ഷ മരവിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പ്രതി കിരണ്‍ കുമാർ കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തീരുമാനം ആകുന്നതുവരെയാണ് ശിക്ഷ മരവിപ്പിച്ചത്. 2022ൽ പ്രതി കേരള ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി ഇതുവരെയും തീരുമാനം ആകാത്തത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി.
വിസ്മയയുടെ ആത്മഹത്യയുമായി തന്നെ നേരിട്ടു ബന്ധിപ്പിക്കാൻ ആവശ്യമായ തെളിവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിരണ്‍ സുപ്രീംകോടതിയെ സമീപിച്ചത്. സമാന വാദമാണ് ഹൈക്കോടതിയിലും പ്രതി നടത്തിയത്. സുപ്രീംകോടതിയിൽ കിരണ്‍ സമർപ്പിച്ച ഹർജി സംസ്ഥാന സർക്കാർ എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഹർജിയിൽ മറുപടി നല്കാൻ കൂടുതൽ സമയം വേണമെന്നു സംസ്ഥാന സർക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി ഉടൻ തീരുമാനം എടുക്കുമെന്നും അതുവരെ ജാമ്യം അനുവദിക്കുകയാണെന്നുമാണ് ബെഞ്ച് അറിയിച്ചു.
കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിൽ 2021 ജൂണ്‍ 21നാണ് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനവുമായി ബന്ധപ്പെട്ട് വിസ്മയയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു എന്നാണ് കിരണ്‍ കുമാറിനെതിരേ ചുമത്തിയ കേസ്.
വിസ്മയ മരിച്ച് 11 മാസം പിന്നിട്ടപ്പോൾ നാലു മാസത്തെ വിചാരണ പൂർത്തിയാക്കി പത്ത് വർഷത്തെ തടവിന് കൊല്ലം ജില്ലാ സെഷൻസ് ജഡ്ജി സുജിത് കെ.എൻ ശിക്ഷിച്ചിരുന്നു.