ഗാസയിലെ വിമത നേതാവ് കീഴടങ്ങണമെന്ന് ഹമാസ്
Thursday, July 3, 2025 2:14 AM IST
കയ്റോ: ഗാസയിലെ വിമത നേതാവ് യാസർ അബു ഷബാബിനോടു കീഴടങ്ങാൻ ആവശ്യപ്പെട്ട് ഹമാസ്. പത്തു ദിവസത്തിനുള്ളിൽ കീഴടങ്ങി വിചാരണ നേരിടണമെന്നാണു ഹമാസ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
അബു ഷബാബിന്റെ താവളത്തെക്കുറിച്ച് അറിയാവുന്ന പലസ്തീനികൾ അക്കാര്യം ഹമാസ് നേതാക്കളെ അറിയിക്കണമെന്നും നിർദേശിച്ചു.
ബദൂയിൻ ഗോത്രവിഭാഗത്തിൽപ്പെട്ട അബു ഷബാബ് ഇസ്രേലി സേനാ നിയന്ത്രണത്തിലുള്ള റാഫ മേഖലയിലാണ് ഉള്ളത്. ഇയാൾക്ക് ഇസ്രയേലിന്റെ സഹായമുള്ളതായി റിപ്പോർട്ടുണ്ട്.
അബു ഷബാബും സംഘവും ഗാസയിലെത്തുന്ന സഹായവസ്തുക്കൾ കൊള്ളയടിക്കുന്നതായി ഹമാസ് ആരോപിക്കുന്നു. ഇയാളെ വകവരുത്താനായി ഹമാസ് പോരാളികൾ രംഗത്തിറങ്ങിയിട്ടുണ്ടെന്നും പറയുന്നു.