കേരള സർവകലാശാല വിവാദം ; ഇന്ന് അടിയന്തര സിന്‍ഡിക്കറ്റ് യോഗം
Sunday, July 6, 2025 1:43 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഇന്ന് അടിയന്തര സിന്‍ഡിക്കറ്റ് യോഗം ചേരും. ഇന്നു രാവിലെ 11.30ന് ആണ് യോഗം. സിന്‍ഡിക്കറ്റ് യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ 16 ഇടത് അംഗങ്ങള്‍ ഒപ്പിട്ട കത്ത് വൈസ് ചാന്‍സലറുടെ ചുമതല വഹിക്കുന്ന ഡോ. സിസ തോമസിനു നല്‍കിയിരുന്നു.
ഭാരാതാംബ ചിത്ര വിവാദത്തില്‍ രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസി ഡോ. മോഹനന് കുന്നുമ്മലിന്റെ നടപടി ഇന്നു ചേരുന്ന അടിയന്തര സിന്‍ഡിക്കറ്റ് യോഗം പുനഃപരിശോധിക്കും. വിസി ഡോ. മോഹനന് കുന്നുമ്മല്‍ നിലവില്‍ അവധിയിലാണ്. പകരം ചുമതല ഡിജിറ്റല്‍ സര്‍വകലാശാല വിസി ഡോ. സിസ തോമസിനു നല്‍കിയിരുന്നു.
കേരള സര്‍വകലാശാല രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ രജിസ്ട്രാര്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ നാളെ വൈസ് ചാന്‍സലര്‍ സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഇന്നലെ ബന്ധപ്പെട്ട ഓഫീസ് ഫയലുകള്‍ നേരിട്ട് പരിശോധിച്ച വൈസ് ചാന്‍സലര്‍ ഡോ. സിസാ തോമസിനെ സിപിഎം സിന്‍ഡിക്കറ്റ് അംഗങ്ങള്‍ തടഞ്ഞു.
ഗവര്‍ണര്‍ പങ്കെടുത്ത പൊതുപരിപാടിക്ക് അനുവദിച്ച സെനറ്റ് ഹാള്‍ സര്‍വകലാശാല പിആര്‍ഒ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റദ്ദാക്കിയതെന്നു ഹര്‍ജിക്കാരനായ സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഇതിന്റെ നിജസ്ഥിതി പരിശോധിക്കുന്നതിനായി പിആര്‍ഒയുടെ ഓഫീസിലെത്തി കംപ്യൂട്ടര്‍ പരിശോധിച്ച് സ്ക്രീന്‍ ഷോട്ട് എടുക്കവേയാണ് സിന്‍ഡിക്കറ്റ് അംഗങ്ങള്‍ വിസിയെ തടഞ്ഞത്.
വിസി സെക്ഷനില്‍ പ്രവേശിക്കാന്‍ പാടില്ലെന്നും രജിസ്ട്രാര്‍ മുഖേന മാത്രമേ ഫയലുകള്‍ പരിശോധിക്കാന്‍ പാടുള്ളൂവെന്നുമാണ് സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നിലപാട്. സിന്‍ഡിക്കറ്റ് യോഗം ചേരണമെന്നാവശ്യപ്പെട്ട് വിസിയെ നേരിട്ട് കാണാന്‍ എത്തിയതാണെന്നും അംഗങ്ങള്‍ അറിയിച്ചു.
ഏത് ഓഫീസില്‍ എപ്പോള്‍ പോകണമെന്നും എന്ത് പരിശോധിക്കണമെന്നും തീരുമാനിക്കാനുള്ള അധികാരം തനിക്കുണ്ടെന്നും വിസിയെ കാണണമെങ്കില്‍ അംഗങ്ങള്‍ ചേംബറില്‍ വരണമെന്നും ഡോ. സിസാ തോമസ് നിര്‍ദേശിച്ചു.
അതേസമയം സര്‍വകലാശാലയ്ക്കുവേണ്ടി വിസി കോടതിയില്‍ ഫയല്‍ ചെയ്യുന്ന സ്റ്റേറ്റ്മെന്റ് തങ്ങള്‍ അംഗീകരിച്ചു മാത്രമേ നല്കാന് പാടുള്ളൂവെന്നും അതുമാത്രമേ യൂണിവേഴ്സിറ്റി സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ കോടതിയില്‍ സമര്പ്പിക്കുകയുള്ളൂവെന്നുമുള്ള സിന്‍ഡിക്കറ്റ് അംഗങ്ങളുടെ ആവശ്യം വിസി അംഗീകരിച്ചില്ല.
വൈസ് ചാന്‍സലര്‍ നല്‍കേണ്ട സ്റ്റേറ്റ്മെന്റ് ഓഫ് ഫാക്റ്റ്സ് എന്തായിരിക്കണമെന്ന് വിസി തീരുമാനിക്കുമെന്നും സര്‍വകലാശാലയും വിസിയും വ്യത്യസ്ത നിലപാടുകളിലാണെന്ന് കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തില്‍ വിസിക്കുവേണ്ടി സീനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്താനും വിസി ഉത്തരവിട്ടു.