കേരള സര്‍വകലാശാലാ രജിസ്ട്രാറുടെ സസ്പെൻഷന് സ്റ്റേ ഇല്ല
Saturday, July 5, 2025 1:51 AM IST
കൊച്ചി: കേരള സര്‍വകലാശാലാ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടിക്ക് സ്റ്റേയില്ല.
സര്‍വകലാശാലാ സെനറ്റ് ഹാളില്‍ ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുക്കേണ്ട ചടങ്ങ് റദ്ദാക്കാന്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ നിർദേശിച്ചതിന്റെ പേരിലാണ് വൈസ് ചാന്‍സലര്‍ ഡോ. മോഹനന് കുന്നുമ്മല്‍ സസ്പെന്‍ഡ് ചെയ്തത്.
തുടര്‍ന്ന് സസ്പെന്ഷന് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രജിസ്ട്രാര്‍ ഹൈക്കോടതിയില്‍ അടിയന്തരഹര്‍ജി നല്‍കുകയായിരുന്നു. വിഷയത്തില്‍ കോടതി കേരള സര്‍വകലാശാലയുടേയും പോലീസിന്റെയും വിശദീകരണം തേടി ഏഴിന് പരിഗണിക്കാന്‍ മാറ്റി.
വേദിയില്വച്ചിരുന്ന മതചിഹ്നം കണ്ടതിനാലാണ് ഇങ്ങനെ ആവശ്യപ്പെട്ടതെന്ന് രജിസ്ട്രാര്‍ കോടതിയെ അറിയിച്ചു. ഹിന്ദുദേവതയുടെ ചിത്രം വച്ചിട്ടുണ്ടെന്നാണ് സെക്യൂരിറ്റി ഓഫീസര്‍ അറിയിച്ചതെന്നും രജിസ്ട്രാര്‍ പറഞ്ഞു. എന്തു മതചിഹ്നമാണ് കണ്ടതെന്ന് കോടതി ചോദിച്ചു.
കാവിക്കൊടിയേന്തിയ വനിതയുടെ ചിത്രമാണെന്ന് അഭിഭാഷകന് വിശദീകരിച്ചു. അത് ഹിന്ദുദേവതയാകുന്നങ്ങനെയെന്ന് ചോദിച്ച കോടതി, ഭാരതാംബയെ കൊടിയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമായ സ്ഥിതിയാണെന്നും പറഞ്ഞു. വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധം നടക്കുന്ന കാര്യം പോലീസ് ചൂണ്ടിക്കാട്ടിയ സാഹചര്യംകൂടി കണക്കിലെടുത്തുവെന്ന് രജിസ്ട്രാര്‍ വാദിച്ചു.
പോലീസ് എന്തെങ്കിലും റിപ്പോര്‍ട്ട് തന്നിരുന്നോ എന്ന് കോടതി ആരാഞ്ഞു. പോലീസിന് നിയന്ത്രിക്കാന്‍ പറ്റാത്തവിധം അത്ര വലിയ സംഘര്ഷാവസ്ഥയായിരുന്നോ എന്നും ചോദിച്ചു. തുടര്‍ന്നാണ് പോലീസിന്റെയും സര്‍വകലാശാലയുടെയും വിശദീകരണം തേടിയത്.
വിഷയത്തില്‍ സര്‍വകലാശാലയ്ക്ക് രണ്ടു നിലപാട് എടുക്കേണ്ടി വരുമല്ലോയെന്നും കോടതി പറഞ്ഞു. സസ്പെന്‍ഡ് ചെയ്യാന്‍ വൈസ് ചാന്‍സലര്‍ക്ക് അധികാരമില്ലെന്നായിരുന്നു രജിസ്ട്രാറുടെ വാദം. സിന്‍ഡിക്കറ്റിനാണ് ഇത്തരം അധികാരമുള്ളത്.
കേരള സര്‍വകലാശാലാ നിയമപ്രകാരം ഡെപ്യൂട്ടി രജിസ്ട്രാര്‍ക്ക് താഴെയുള്ള ജീവനക്കാര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കാന്‍ മാത്രമേ വിസിക്കു കഴിയൂ എന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, നടപടിയെടുത്തശേഷം സിന്‍ഡിക്കറ്റിന്റെ അംഗീകാരം വാങ്ങിയാല്‍ പോരേ എന്ന് കോടതി ചോദിച്ചു.