ഡാര്‍ക്ക്നെറ്റിൽ കൂടുതല്‍ മലയാളികള്‍
Saturday, July 5, 2025 1:51 AM IST
കൊച്ചി: ഡാര്‍ക്ക്നെറ്റ് വഴിയുള്ള മൂവാറ്റുപുഴ സ്വദേശിയുടെ ലഹരി ഇടപാടുകള്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ(എന്‍സിബി) കണ്ടെത്തിയതിനു പിന്നാലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഡാര്‍ക്ക്നെറ്റ് സേവനങ്ങളെ ആശ്രയിക്കുന്ന മലയാളികളുടെ എണ്ണവും വര്‍ധിക്കുന്നതായി വിവിധ കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
ലഹരി ഇടപാടുകള്‍ക്കാണ് ഭൂരിഭാഗം പേരും ഡാര്‍ക്ക് നെറ്റിനെ ആശ്രയിക്കുന്നത്. വ്യക്തിവിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നത് കുറ്റവാളികള്‍ക്ക് സഹായകരമാകുന്നു.
ലഹരിക്കു പുറമേ കുട്ടികളുടെ അശ്ലീല ചിത്രം, മോഷ്ടിച്ച ഡാറ്റ, ആയുധം എന്നിവയുടെ വില്‍പ്പനയും ഡാര്‍ക്ക്നെറ്റ് വഴി നടക്കുന്നുണ്ട്. ക്രിപ്റ്റോ കറന്‍സി വഴിയാണ് ഇടപാടുകള്‍. വ്യക്തിഗത വിവരങ്ങള്‍ പങ്കുവയ്ക്കേണ്ടാത്തതിനാല് അന്വേഷണ ഏജന്‍സികള്‍ക്ക് ഇടപാടുകാരിലേക്ക് എത്തിപ്പെടുക ദുഷ്കരമാണ്.
എഡിസണ് മുഖ്യപ്രതിയായ കേസിലും എന്‍സിബി ഇതേ പ്രതിസന്ധി നേരിടുകയാണ്. ഈ സാഹചര്യത്തില്‍ റിമാന്‍ഡിലുള്ള പ്രതികളില്‍നിന്നു പരമാവധി വിവരങ്ങള്‍ തേടി മുന്നോട്ടു പോകാനാണ് നീക്കം. പ്രതികളെ തിങ്കളാഴ്ച കസ്റ്റഡിയില്‍ ലഭിച്ചേക്കും. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണു സൂചന.
പിടിയിലായ മൂവാറ്റുപുഴ സ്വദേശി എഡിസണില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍സിബി ജില്ലയിലടക്കം നിരവധിപേരെ നിരീക്ഷിച്ചുവരികയാണ്. കേസില്‍ അറസ്റ്റിലായ പ്രതികളുടെ ലാപ്ടോപ് ഉള്‍പ്പെടെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സൈബര്‍ വിദഗ്ധര്‍ പരിശോധിക്കുന്നുണ്ട്. ഇടപാടുകളില്‍ ഉള്പ്പെട്ടിരുന്നവരെക്കുറിച്ച് എന്‍സിബിക്ക് വിവരം ലഭിച്ചതായാണ് സൂചന.