‘വാന്‍ഹായ് 503’അപകടം; കപ്പലില്‍ വീണ്ടും തീപിടിത്തം
Saturday, July 5, 2025 1:51 AM IST
കൊച്ചി: ബേപ്പൂരിനു സമീപം പുറംകടലില്‍ തീപിടിച്ച ‘വാന്‍ഹായ് 503’കപ്പലില്‍നിന്ന് വീണ്ടും തീ ഉയരുന്നു. ഇന്നലെ കപ്പലില്‍ വീണ്ടും തീ കണ്ടതോടെ, രക്ഷാദൗത്യങ്ങള്‍ക്കു ശേഷം ശ്രീലങ്കയിലെ ഹമ്പന്‍ടോട്ട തുറമുഖത്തേക്കു കപ്പലിനെ മാറ്റുന്ന നടപടികള്‍ അനിശ്ചിതത്വത്തിലായി. അഡ്വാന്റിസ് വിര്‍ഗോ ടഗ്ഗിന്റെ സഹായത്തോടെ തീ കെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
അതിനിടെ, കപ്പലിലെ 243 കണ്ടെയ്നറുകളില്‍ വെളിപ്പെടുത്താത്ത വസ്തുക്കള്‍ ഉള്ളതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് കണ്ടെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയിട്ടും ഇടയ്ക്കിടെ തീപിടിത്തമുണ്ടാകുന്നത് ഇതുമൂലമാണെന്നാണു പ്രാഥമികനിഗമനം.
വെളിപ്പെടുത്താത്ത വസ്തുക്കള്‍ വന്നത് കപ്പല്‍ കമ്പനിയുടെ അറിവോടെയല്ലെന്നാണു സൂചന. തീ വീണ്ടും ഉയര്‍ന്നതോട കപ്പലിനെ വലിച്ചുകൊണ്ടുപോകുന്ന പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
കപ്പല്‍ ബുധനാഴ്ച രാത്രി ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖല കടന്നിരുന്നു. 200 നോട്ടിക്കല്‍ മൈലിന് പുറത്തേക്കു കൊണ്ടുപോകാനാണു ഡിജി ഷിപ്പിംഗ് ലക്ഷ്യമിട്ടിരുന്നത്. കപ്പലിനെ നിലവില്‍ വലിച്ചുകൊണ്ടുപോയിരുന്നത് ഓഫ് ഷോര്‍ വാരിയര്‍ ടഗ്ഗാണ്.
കപ്പലിന്റെ എന്ജിന് മുറിയിലെ വെള്ളം വറ്റിക്കല്‍ വിജയം കണ്ടിരുന്നു. ഏഴു മീറ്ററോളം വെള്ളമുണ്ടായിരുന്നത് ഇപ്പോള്‍ 3.5 മീറ്റര്‍ വരെയായി.