കേരള സര്‍വകലാശാലാ രജിസ്ട്രാറുടെ സസ്പെന്ഷന് പിന്‍വലിക്കണം: മന്ത്രി ആര്. ബിന്ദു
Saturday, July 5, 2025 1:51 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി അധികാര പരിധി ലംഘിച്ചാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു.
ഈ നടപടി അടിയന്തരമായി പിന്‍വലിക്കാന്‍ വൈസ് ചാന്‍സലര്‍ ഇന്‍ചാര്‍ജ് ഡോ. സിസാ തോമസിന് നിര്‍ദേശം നല്കി പ്രോ ചാന്‍സലര്‍കൂടിയായ മന്ത്രി കത്തയച്ചു. വൈസ് ചാന്‍സലര്‍ക്ക് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ അധികാരമില്ലെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കേരള സര്‍വകലാശാലാ നിയമം 1974 അനുസരിച്ച് രജിസ്ട്രാര്‍ സിന്‍ഡിക്കറ്റ് നിയമിക്കുന്ന ഉദ്യോഗസ്ഥനാണ്. അച്ചടക്ക നടപടികളും സസ്പെന്ഷന് ഉത്തരവുകളും പുറപ്പെടുവിക്കാന്‍ സിന്‍ഡിക്കറ്റിനു മാത്രമാണ് അധികാരമെന്നും മന്ത്രി പറയുന്നു.
സസ്പെന്‍ഡ് ചെയ്യേണ്ട ഒരു സാഹചര്യവും നിലവിലുണ്ടായിരുന്നില്ലെന്നും വൈസ് ചാന്‍സലറുടെ നടപടി പുറമെനിന്നുള്ള സമ്മര്‍ദത്താലാണെന്ന് അനുമാനിക്കാമെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
ഈ നടപടി സര്‍വകലാശാലയുടെയും ഉന്നതവിദ്യാഭ്യാസ മേഖലയുടെയും താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും മന്ത്രി കത്തില്‍ സൂചിപ്പിക്കുന്നു. അതേസമയം, മന്ത്രി വിസിക്ക് നിര്‍ദേശം നല്കിയ നടപടി സര്‍വകലാശാലാ നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.