കോട്ടയം മെഡി.കോളജിലെ തകർന്ന കെട്ടിടം 12 വർഷം മുന്‍പേ അൺഫിറ്റ്
Saturday, July 5, 2025 1:51 AM IST
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ബിന്ദു എന്ന വീട്ടമ്മയുടെ മരണത്തിനിടയാക്കി ഇടിഞ്ഞുവീണ ശുചിമുറിക്കെട്ടിടത്തിന് 2013ൽ പൊതുമരാമത്ത് വകുപ്പ് അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു എന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കുറേ നാള് സര്‍ക്കാരുകളും ബന്ധപ്പെട്ട വകുപ്പുകളും പൂഴ്ത്തിവയ്ക്കുകയും പിന്നീട് ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങാതെ പുറത്തുവിടുകയുമായിരുന്നു.
എന്നാല്‍, മന്ത്രിതല അന്വേഷണം വന്നപ്പോള്‍ സര്‍ജറിക്ക് മറ്റ് ഇടമില്ലെന്ന വാദത്തില്‍ കെട്ടിടം പൊളിച്ചുമാറ്റേണ്ട എന്ന തീരുമാനം കൈക്കൊണ്ടു. 11, 14, 10 വാര്‍ഡുകളടങ്ങിയ ഇന്നത്തെ വിവാദ കെട്ടിടം തന്നെയാണ് അന്നും പ്രധാന ചര്‍ച്ചാവിഷയമായത്.
പിന്നീട് വിവിധ വകുപ്പുകള്‍ മാറി വന്നു. എങ്കിലും ജീവന് ഭീഷണിയായി തകര്‍ച്ചയുടെ വക്കില്‍ നില്ക്കുന്ന കെട്ടിടം പൊളിച്ചു മാറ്റാന്‍ അധികാര-ഉദ്യോഗസ്ഥ കേന്ദ്രങ്ങള്‍ക്ക് ആയില്ല. 1962ല്‍ നിർമിച്ച മെഡിക്കല്‍ കോളജിലെ ഈ കെട്ടിടം 60 വര്‍ഷങ്ങള്‍ പിന്നിട്ടതാണ്.
അതേസമയം, ആശുപത്രി വികസന സമിതി യോഗം അവസാനം ചേര്‍ന്നത് 2023 ലാണെന്ന് സമിതി അംഗം ജോബിന് ജേക്കബ് പറഞ്ഞു. ഇതു സംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല.
കോട്ടയം മെഡിക്കല്‍ കോളജില്‍ ഉദ്യോഗസ്ഥ യോഗങ്ങളാണ് തീരുമാനങ്ങളെടുക്കുന്നത്. വികസനസമിതിയെ നോക്കുകുത്തിയാക്കി നിര്‍ത്തികൊണ്ടാണ് ഇവിടെ കാര്യങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മരണകാരണം തലയ്ക്കേറ്റ ഗുരുതര പരിക്ക്
ഗാന്ധിനഗര്‍ (കോട്ടയം): മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം ഇടിഞ്ഞുവീണു മരിച്ച തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാത്തുകുന്നേല് ഡി. ബിന്ദുവിനു ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കോണ്‍ക്രീറ്റ് സ്ലാബ് പതിച്ച തലക്കേറ്റ ഗുരുതര പരിക്കും ആന്തരിക രക്തസ്രാവവുമാണു മരണ കാരണം. തലയോട്ടി പൊട്ടി ആന്തരിക ഭാഗം പുറത്തുവന്നു. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു. ശ്വാസകോശം, ഹൃദയം, കരള്‍ ഉള്‍പ്പെടെ അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റതായും റിപ്പോര്‍ട്ടിലുണ്ട്.
മുഖ്യമന്ത്രിയുടെ പ്രതികരണം പ്രസ്താവനയിലൂടെ മാത്രം
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ക്കെട്ടിടത്തിലെ ശുചിമുറി ഭാഗം തകർന്നുവീണു വീട്ടമ്മ മരിച്ച സംഭവത്തിൽ മിണ്ടാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രതികരിച്ചു.
പ്രസ്താവന വഴിയുള്ള പ്രതികരണത്തിൽ കോട്ടയം മെഡിക്കൽ കോളജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു. മരണമടഞ്ഞ ബിന്ദുവിന്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവദിവസം കോട്ടയത്ത് മുഖ്യമന്ത്രി ഉണ്ടായിരുന്നിട്ടും പ്രതികരിക്കാതിരുന്നതും പിന്നീട് ഇക്കാര്യത്തിൽ പ്രതികരണമുണ്ടാകാതിരുന്നതും ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.