അഡാസ്-2 സുരക്ഷയിൽ സ്കോർപിയോ N
Friday, July 4, 2025 10:41 PM IST
ഓട്ടോസ്പോട്ട് / അരുൺ ടോം
മഹീന്ദ്രയുടെ സ്കോർപിയോ എന്ന വാഹനം ഇന്ത്യക്കാർക്ക് ഒരു വികാരമാണ്. പ്രതേ്യകിച്ച് സൗത്ത് ഇന്ത്യക്കാർക്ക്. സിനിമകളിലും നിരത്തുകളിലും നിറഞ്ഞു നിൽക്കുന്ന വാഹനമാണ് സ്കോർപിയോ.
എസ്യുവി എന്നു കേട്ടാൽ ആദ്യം മനസിൽവരുന്ന വാഹനവും സ്കോർപിയോ തന്നെയാകും. ഇന്ത്യൻ നിരത്തുകളിൽ സ്കോർപിയോ അത്രയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതിനുദഹരണമാണ് രണ്ട് പതിറ്റാണ്ടായി ഇപ്പോഴും ഡിമാന്‍ഡ് കുറയാതെ വിപണി വാഴുന്നത്. രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കിയതിന്റെ ഭാഗമായി 2022ൽ ‘സ്കോർപിയോ എൻ’ എന്ന എസ്യുവി മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഈ വാഹനം വലിയ വിജയമാണ് മഹീന്ദ്രയ്ക്ക് സമ്മാനിച്ചത്. ഇപ്പോൾ സ്കോർപിയോ എൻ ഏതാനും അപ്ഡേറ്റുകളുമായി വീണ്ടും വിപണിയിൽ എത്തിയിരിക്കുകയാണ്.
സുരക്ഷയ്ക്കാണ് ഇത്തവണ കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. മെക്കാനിക്കൽ വശങ്ങളിൽ മാറ്റമില്ലാതെയാണ് സ്കോർപിയോ എന്നിന്റെ വരവ്. പുതുതലമുറ വാഹനങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്ന ലെവൽ-2 അഡ്വാൻസ് ഡ്രൈവർ അസിസ്റ്റൻസ് സംവിധാനം (അഡാസ്-2) ആണ് പുതിയ പതിപ്പ് വാഹനത്തിൽ നൽകിയിരിക്കുന്നത്. അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോൾ, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ഫോർവേഡ് കൊളീഷൻ വാണിംഗ്, സ്പീഡ് ലിമിറ്റ് അസിസ്റ്റ്, ഫ്രണ്ട് വെഹിക്കിൾ സ്റ്റാർട്ട് അലേർട്ട് തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകൾ ലെവൽ 2 അഡാസ് വാഗ്ദാനം ചെയ്യുന്നുണ്ട്. സ്കോർപിയോ എൻ നിരയിലെ ഉയർന്ന പതിപ്പായ ഇസഡ് 8 എൽ എന്ന വേരിയന്റിലാണ് അഡാസ് നൽകിയിരിക്കുന്നത്.
ഇസഡ് 8 എൽ വേരിയന്റിന് കീഴിൽ ആറ്, ഏഴ് സീറ്റിംഗ് ലേഒൗട്ടുകളിലും ഓട്ടോമാറ്റിക്-മാനുവൽ ട്രാൻസ്മിഷനുകളിലുമായി പത്തോളം വകഭേദങ്ങളാണുള്ളത്. അഡാസ് സുരക്ഷാ സംവിധാനമുള്ള ആറ് സീറ്റർ പതിപ്പുകൾക്ക് 21.60 ലക്ഷം രൂപ മുതൽ 23.48 ലക്ഷം രൂപ വരെയും ഏഴ് സീറ്റർ പതിപ്പുകൾക്ക് 21.35 ലക്ഷം രൂപ മുതൽ 25.42 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ആറ് സീറ്റർ പതിപ്പിന്റെ അഡാസ് സംവിധാനമുള്ള മോഡലിൽ ഫോർ വീൽ ഡ്രൈവ് സംവിധാനം മഹീന്ദ്ര നൽകുന്നില്ല.
എക്സ്റ്റീരിയറിലും ഇന്റീരിയറിലും മാറ്റങ്ങളൊന്നും വരുത്താതെയാണ് പുതിയ സ്കോർപിയോ എൻ എത്തിയിരിക്കുന്നത്. എൽഇഡി ഹെഡ് ലൈറ്റ്, എൽഇഡി ഡിആർഎൽ, പ്രൊജക്ടർ ഫോഗ്ലാംപ്, സീക്വൻഷ്യൽ ടേണ്‍ ഇന്‍ഡിക്കേറ്ററുകൾ, അലോയ് വീലുകൾ എന്നിവ എക്സ്റ്റീരിയറിന് മിഴിവോകുന്നു.
ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, കണക്ടഡ് ഫീച്ചറുകൾ, ബിൽറ്റ് ഇൻ അലക്സ, ലെതറിൽ അപ്ഹോൾസ്ട്രി എന്നിവ ഇന്റീരിയറിനെ മികച്ചതാക്കുന്നു.
സുരക്ഷാ കൂട്ടിച്ചേർക്കലുകൾ ഒഴിച്ചാൽ മെക്കാനിക്കൽ വശങ്ങളിൽ സ്കോർപിയോ എൻ മാറ്റമില്ലാതെ തുടരുന്നു. മുൻ മോഡലിലെ 2.0 ലിറ്റർ ടർബോ പെട്രോൾ, 2.2 ലിറ്റർ ഡീസൽ എൻജിനുകളാണ് നൽകിയിരിക്കുന്നത്. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുകളാണുള്ളത്. പെട്രോൾ എൻജിന് 203 എച്ച്പി കരുത്തും 370 എൻഎം ടോർക്കുമുണ്ട്. ഡീസൽ എൻജിൻ 175 ബിഎച്ച്പി കരുത്തും 370 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഡീസൽ എൻജിനിൽ മൂന്ന് ഡ്രൈവ് മോഡുകളും നോർമൽ, ഗ്രാസ്, ഗ്രാവൽ, സ്നോ, മഡ്, സാൻഡ് എന്നീ ടെറൈൻ മോഡുകളുമുണ്ട്.
ഇസഡ് 8 ടി
ഇസഡ് 8 ടി എന്ന പുതിയൊരു വേരിയന്റും കന്പനി സ്കോർപിയോ എൻ നിരയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇസഡ് 8, ഇസഡ് 8 എൽ എന്നീ വകഭേദങ്ങൾക്കിടയിലാണ് പുതിയ ഇസഡ് 8 ടി വേരിയന്റ് സ്ഥിതി ചെയ്യുന്നത്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, 12 സ്പീക്കർ സോണി ഓഡിയോ സിസ്റ്റം, ഫ്രണ്ട് പാർക്കിംഗ് സെൻസറുകൾ, ഫ്രണ്ട് കാമറ, സിക്സ് വേ പവർഡ് ഡ്രൈവർ സീറ്റ്, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഓട്ടോ ഡിമ്മിംഗ് ഇൻസൈഡ് റിയർ വ്യൂ മിറർ തുടങ്ങിയ നിരവധി പ്രീമിയം സവിശേഷതകളോടെയാണ് ഇസഡ് 8 ടി വരുന്നത്.