ഉത്തരാഖണ്ഡിൽ രണ്ട് വ്യോമസേനാ ഉദ്യോഗസ്ഥർ മുങ്ങിമരിച്ചു
Saturday, July 5, 2025 1:52 AM IST
ഡെറാഡൂൺ: നൈനിറ്റാളിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ വ്യോമസേനാ ഉദ്യോഗസ്ഥരായ രണ്ടു പേർ, കനത്ത മഴയെത്തുടർന്ന് ജലനിരപ്പുയർന്ന ഭീംതാൽ തടാകത്തിൽ മുങ്ങിമരിച്ചു. പത്താൻകോട്ട് സ്വദേശി പ്രിൻസ് യാദവ്(22), മുസാഫർനഗർ സ്വദേശി സഹിൽകുമാർ(23)എന്നിവരാണു മരിച്ചത്.
നാലു വനിതാ ഉദ്യോഗസ്ഥരുൾപ്പെടെ എട്ടു പേരാണ് വ്യോമസേനാ സംഘത്തിലുണ്ടായിരുന്നത്. സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തെ നൂറോളം പ്രധാന റോഡുകൾ അടിച്ചിട്ടു.
ചാർ ധാം യാത്ര നിരോധിച്ചു. സിലായ് ബെൻഡിൽ അഞ്ചുദിവസംമുന്പ് ഉണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് നിർമാണത്തൊഴിലാളികളെ കാണാതായതിനെത്തുടർന്ന് യമുനോത്രി ഹൈവേയും അടച്ചിട്ടു. കേദാർനാഥിലേക്കുള്ള റോഡിൽ സോൻപ്രയാഗിനും ഗൗരീകുണ്ഡിനുമിടയിൽ മണ്ണിടിച്ചിലുണ്ടായതിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്.