വിസി നിയമനം; തമിഴ്നാടിന്റെ ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു
Saturday, July 5, 2025 1:51 AM IST
ന്യൂഡൽഹി: സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ തമിഴ്നാട് സർക്കാർ പാസാക്കിയ നിയമം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ സമർപ്പിച്ച ഹർജിയിൽ കക്ഷികളിൽനിന്ന് പ്രതികരണം തേടി സുപ്രീംകോടതി.
വിസിമാരുടെ നിയമനപ്രക്രിയയിൽ ചാൻസലറായി പ്രവർത്തിക്കുന്ന ഗവർണറുടെ പങ്ക് കുറയ്ക്കുന്നതിന് വിവിധ സർവകലാശാല നിയമങ്ങൾ ഭേദഗതി ചെയ്തുകൊണ്ട് അടുത്തിടെ തമിഴ്നാട് സർക്കാർ കൊണ്ടുവന്ന ബില്ല് മേയ് 21 നാണ് മദ്രാസ് ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.
ഹർജിയിൽ കേന്ദ്രസർക്കാരിനും തമിഴ്നാട് ഗവർണർ ഓഫീസിനും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനും (യുജിസി) ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചു.