ബിഹാറിൽ വോട്ടർപട്ടികയിലെ തീവ്രപരിശോധന; രണ്ടുകോടി വോട്ടർമാർ പുറത്താകുമോ?
Saturday, July 5, 2025 1:52 AM IST
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുമുന്പ് ബിഹാറിൽ വോട്ടർപട്ടികയിൽ നടത്തുന്ന തീവ്രപരിശോധന (എസ്ഐആർ)യ്ക്കെതിരേ കോണ്ഗ്രസ്. തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നടപടി തെരഞ്ഞെടുപ്പുസന്പ്രദായം നശിപ്പിക്കാനുള്ള വ്യക്തമായ ശ്രമമാണെന്നും കോണ്ഗ്രസ് ആരോപിച്ചു.
2003ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി പുതുക്കൽ നടത്തുന്പോൾ, അതിനുശേഷം വോട്ടർമാരായവർ യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് കമ്മീഷന്റെ നിർദേശം. വീടുവീടാന്തരം കയറിയുള്ള വോട്ടർപട്ടിക പരിശോധന ബിഹാറിൽ അപ്രായോഗികമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
അവസാനമായി 2003ൽ നടത്തിയ വോട്ടർപട്ടിക പരിഷ്കരണത്തിനുശേഷം പട്ടികയിൽ പേരില്ലാത്ത ബിഹാറിലെ 37 ശതമാനം വോട്ടർമാർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകേണ്ടിവരുമെന്നാണ് ഏകദേശ കണക്ക്.
ജനന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് തുടങ്ങി 11 രേഖകളാണ് യോഗ്യത തെളിയിക്കാൻ തെരഞ്ഞെടുപ്പു കമ്മീഷൻ ബിഹാറിലെ വോട്ടർമാരോട് ആവശ്യപ്പെടുന്നത്. ഇതിൽ ആധാർ ഉൾപ്പെടുത്തിയിട്ടില്ല എന്നത് വിഷയം കൂടുതൽ സങ്കീർണമാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നടപടി നിമിത്തം സംസ്ഥാനത്ത് രണ്ട് കോടിയിൽ അധികം വോട്ടർമാരുടെ സമ്മതിദാനാവകാശം നഷ്ടപ്പെടുമെന്നാണ് കോണ്ഗ്രസിന്റെ വാദം. വോട്ടർപട്ടികയിലെ പരിഷ്കരണത്തിലൂടെ നരേന്ദ്ര മോദി സർക്കാർ സ്വേച്ഛാധിപത്യ ഭരണത്തിനുള്ള നടപടികൾ ആരംഭിക്കുന്നതായി ബിഹാറിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ആർജെഡി ആരോപിച്ചു. വോട്ടർമാർക്ക് യോഗ്യത തെളിയിക്കാൻ പരിമിതമായ സമയം അനുവദിച്ചത് സാധാരണക്കാരെ കൂടുതൽ ബുദ്ധിമുട്ടിലാക്കി.
ബിഹാറിൽ വലിയൊരു ജനവിഭാഗം തൊഴിൽ ആവശ്യങ്ങൾക്ക് മറ്റു സ്ഥലത്താണ് താമസിക്കുന്നത്. അതിനാൽ യോഗ്യത തെളിയിക്കുന്നതിനുള്ള സമയം ഇവർക്ക് ലഭിക്കില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ കുറ്റപ്പെടുത്തി ആർജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. ജനാധിപത്യ സംവിധാനം തകർക്കുന്നതിനുള്ള മനഃപൂർവ ശ്രമമാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്നതെന്ന് സിപിഐ ആരോപിച്ചു.
കഴിഞ്ഞദിവസം പ്രതിപക്ഷ പാർട്ടി പ്രതിനിധികൾ തെരഞ്ഞെടുപ്പു കമ്മീഷനെ നേരിൽക്കണ്ട് ഈ വിഷയം ഉന്നയിച്ചിരുന്നു. യോഗ്യരായ മുഴുവൻ പൗരന്മാർക്കും വോട്ടവകാശം ഉറപ്പിക്കാനാണ് പ്രത്യേക തീവ്രപരിശോധന തുടങ്ങിയതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ പാർട്ടി പ്രതിനിധികളോട് വ്യക്തമാക്കിയത്.