ഇന്ത്യ-യുഎസ് വ്യാപാരക്കരാർ: കാർഷിക, വാഹന മേഖലകളെ സംബന്ധിച്ച് അനിശ്ചിതത്വം
Saturday, July 5, 2025 1:51 AM IST
ന്യൂഡൽഹി: ഈ മാസം ഒൻപതിന് അന്തിമ രൂപത്തിലെത്തുമെന്നു പ്രതീക്ഷിക്കുന്ന ഇന്ത്യയും യുഎസും തമ്മിലുള്ള ഇടക്കാല വ്യാപാരക്കരാറിന്റെ ചർച്ചകൾക്കായി അമേരിക്കയിലേക്കു പോയ ഇന്ത്യൻ സംഘം തിരിച്ചെത്തി. ചർച്ചകൾ പുരോഗമിച്ചിട്ടുണ്ടെങ്കിലും കൃഷി, ഓട്ടോമൊബൈൽ എന്നീ മേഖലകളെ സംബന്ധിച്ചുള്ള ചർച്ചകൾ തുടരുമെന്നാണ് വിവരം.
കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് സ്പെഷൽ സെക്രട്ടറി രാജേഷ് അഗർവാളിന്റെ നേതൃത്വത്തിലായിരുന്നു സംഘം പുറപ്പെട്ടത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ തീരുവവർധന 90 ദിവസത്തേക്ക് താത്കാലികമായി മരവിപ്പിച്ചതിന്റെ കാലാവധി ജൂലൈ ഒൻപതിന് അവസാനിക്കും. ഓട്ടോമൊബൈൽ മേഖലയിലെ 25 ശതമാനം തീരുവയോട് ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
വിഷയം ലോകവ്യാപാര സംഘടനയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഉരുക്കിനും അലുമിനിയത്തിനും മേൽ യുഎസ് ചുമത്തിയ നികുതിക്കു പകരമായി തെരഞ്ഞെടുത്ത യുഎസ് ഉത്പന്നങ്ങൾക്കുമേൽ പകരച്ചുങ്കം ചുമത്താനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും സംഘടനയെ അറിയിച്ചിട്ടുണ്ട്.