രാജ്യത്ത് യുപിഐ ഇടപാടുകളിൽ കഴിഞ്ഞ മാസം നേരിയ കുറവ്
Thursday, July 3, 2025 1:58 AM IST
എസ്.ആർ. സുധീർ കുമാർ
കൊല്ലം: ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകളിൽ ജൂണിൽ നേരിയ കുറവ്. നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപി.സിഐ) കണക്കുകൾ പ്രകാരം, മേയ് മാസത്തിൽ എക്കാലത്തെയും ഉയർന്ന നിലയിലെത്തിയതിന് ശേഷമാണ് ഈ കുറവ് രേഖപ്പെടുത്തിയത്.
ജൂണിൽ യുപിഐ വഴി 1,840 കോടി ഇടപാടുകളിലായി 24.04 ലക്ഷം കോടി രൂപയുടെ വിനിമയമാണ് നടന്നത്. ഇത് മേയ് മാസത്തിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇടപാടുകളുടെ എണ്ണത്തിൽ ഏകദേശം 1.5 ശതമാനം കുറവും മൂല്യത്തിൽ 4.4 ശതമാനം കുറവുമാണ്. മേയിൽ 25.14 ലക്ഷം കോടി രൂപയുടെ 1,868 കോടി ഇടപാടുകളാണ് നടന്നത്.
എന്നാൽ, വാർഷികാടിസ്ഥാനത്തിൽ യുപിഐ ഇടപാടുകളുടെ എണ്ണത്തിൽ 32 ശതമാനം വർധനയും, ഇടപാട് മൂല്യത്തിൽ 20 ശതമാനം വർധനയും ഉണ്ടായിട്ടുണ്ട്. ജൂണിൽ ശരാശരി പ്രതിദിന ഇടപാടുകൾ 61.3 കോടിയായിരുന്നു, ഇത് മേയ് മാസത്തിലെ 60.2 കോടിയേക്കാൾ അല്പം കൂടുതലാണ്. എന്നാൽ ശരാശരി പ്രതിദിന ഇടപാട് മൂല്യം മേയ് മാസത്തിലെ 81,106 കോടി രൂപയിൽ നിന്ന് 80,131 കോടി രൂപയായി കുറഞ്ഞു.