സ്ഥിരനിക്ഷേപങ്ങൾക്കു കേരള ബാങ്ക് പലിശ നിരക്കു കുറച്ചു
Thursday, July 3, 2025 1:58 AM IST
തിരുവനന്തപുരം: സ്ഥിരനിക്ഷേപങ്ങൾക്കു പലിശനിരക്കു കുറച്ച കേരള ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന നടപടിയെന്നാണു പൊതുവെ വിമർശനം ഉയർന്നിരിക്കുന്നത്.
സഹകരണസംഘങ്ങൾ മറ്റു അനുബന്ധ ബാങ്കുകളിൽ സ്ഥിരനിക്ഷേപം നൽകാതെ കേരള ബാങ്കിലാണു നിക്ഷേപം നടത്തിയിരിക്കുന്നത്. ഇപ്പോൾ സ്ഥിരനിക്ഷേപത്തിനു പലിശ കുറച്ചതോടെ നേരത്തേ ലഭിച്ചിരുന്ന പലിശ സഹകരണ സംഘങ്ങൾക്കു ലഭിക്കില്ല. ഇതു സംഘങ്ങൾക്കു ബാധ്യതയും നഷ്ടവും വരുത്തുമെന്നാണു ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രാഥമിക സഹകരണ സംഘങ്ങളുടെ സ്ഥിരനിക്ഷേപങ്ങൾക്കു കേരള ബാങ്ക് നൽകിയിരുന്ന പലിശ നിരക്കു കുറച്ച നടപടി പിൻവലിക്കണമെന്നു കേരള കോ -ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ആവശ്യപ്പെട്ടു.
പ്രൈമറി സംഘങ്ങൾ ശേഖരിക്കുന്ന നിക്ഷേപങ്ങൾക്കു നൽകുന്ന പലിശനിരക്കിനേക്കാൾ ഒരു ശതമാനം കൂടുതൽ പലിശ കേരളബങ്കിലെ സംഘം നിക്ഷേപങ്ങൾക്കു നൽകണമെന്നും മന്ത്രിക്കും കേരള ബാങ്ക് ചെയർമാനും നൽകിയ നിവേദനത്തിൽ സംഘടന ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസമാണു കേരളബാങ്ക് സംഘങ്ങളുടെ സ്ഥിര നിക്ഷേപ പലിശ നിരക്ക് 7.10% ആയി കുറവ് വരുത്തിയത്. എന്നാൽ പ്രാഥമിക സംഘങ്ങൾ ഒരു വർഷം മുതൽ രണ്ടു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 8%മുതൽ 8.5% വരെ പലിശ നൽകുന്നുണ്ട്. ബാങ്കിന്റെ നടപടി കേരളത്തിലെ സഹകരണ മേഖലയുടെ തകർച്ചയ്ക്ക് വഴിയൊരുക്കുമെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടുള്ളവർ പറയുന്നത്.