ഓണക്കാലത്ത് ‘എനിക്കും വേണം ഖാദി ’ കാമ്പയിനുമായി ഖാദിബോര്‍ഡ്
Thursday, July 3, 2025 1:58 AM IST
കണ്ണൂർ: വിവിധ ഉത്പന്നങ്ങളുടെ വില്പനയിലൂടെ നൂറുകോടി വിറ്റുവരവ് ലക്ഷ്യമിട്ട് ഓഗസ്റ്റ് ഒന്നുമുതല്‍ സെപ്റ്റംബര്‍ നാലുവരെ ‘എനിക്കും വേണം ഖാദി ’ എന്ന കാമ്പയിന് ആരംഭിക്കുമെന്ന് ഖാദിബോര്‍ഡ് വൈസ് ചെയര്മാന് പി. ജയരാജന് കണ്ണൂര്‍ പയ്യാമ്പലം റസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഖാദി വസ്ത്രങ്ങള്‍ക്ക് 30 ശതമാനം റിബേറ്റിനൊപ്പം 25 ലക്ഷം രൂപയുടെ സമ്മാന പദ്ധതികളും ഓണക്കാലത്ത് നടപ്പാക്കും.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും നല്‍കും. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഖാദി ട്രെന്‍ഡ്സ് ആന്‍ഡ് വൈബ്സ് വഴിയുള്ള കസ്റ്റമൈസ്ഡ് ഉത്പന്നങ്ങള്‍, ഖാദി ബാഗുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവയുടെ ഓണ്‍ലൈന്‍ വിപണനം, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയുടെ സഹായത്തോടെയുള്ള വസ്ത്രങ്ങളുടെ വിപണനം എന്നിവ ഖാദിയുടെ വിറ്റുവരവിലും സ്വീകാര്യതയിലും വലിയ വര്‍ധന ഉണ്ടാക്കി. ഇറ്റലി, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ഖാദിവസ്ത്രങ്ങളുടെ കയറ്റുമതി ആരംഭിച്ചത് മറ്റൊരു നാഴികക്കല്ലാണെന്നും പി. ജയരാജന് പറഞ്ഞു.
വരുമാനവര്‍ധന ലക്ഷ്യമിട്ട് ഖാദി ബോർഡിന്റെ വസ്തുക്കളുടെ ഉപയോഗ സാധ്യത പരിശോധിക്കുന്നതിനു സ്പെഷല്‍ ഓഫീസറെ നിശ്ചയിച്ചതായി പി. ജയരാജന് പറഞ്ഞു.
ഓഫീസര്‍ നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വസ്തുക്കള്‍ വരുമാനദായകമായി മാറ്റുന്നതിനുള്ള നടപടികള്‍ ആരംഭിക്കും.
പ്രാരംഭഘട്ടമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ധാരണയിലെത്തുകയും കണ്ണൂര്‍ പാപ്പിനിശേരി, കാസര്‍ഗോഡ് മാവുങ്കല്‍ എന്നിവിടങ്ങളില്‍ പെട്രോള്‍ ഔട്ട്ലെറ്റുകൾ ഉടന്‍ തുടങ്ങുകയും ചെയ്യും.
ഖാദി കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍, പട്ടികജാതി പട്ടികവര്‍ഗ ഖാദി സൊസൈറ്റികള്‍ എന്നിവയുടെ പുനരുദ്ധാരണത്തിനും പുനരുജ്ജീവനത്തിനുമായി വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്നും പി. ജയരാജന് പറഞ്ഞു.