വിറ്റഴിച്ച് വിദേശ നിക്ഷേപകർ
ഓഹരി അവലോകനം / സോണിയ ഭാനു
Monday, September 1, 2025 1:48 AM IST
ഇന്ത്യൻ ഓഹരി വിപണിക്കു വീണ്ടും കാലിടറി, താരിഫ് വിഷയത്തിലെ ആശങ്കയിൽ വിദേശ ഇടപാടുകാർ വില്പനയ്ക്കു മത്സരിച്ചത് ഓഹരി സൂചികയെ മാത്രമല്ല, ഇന്ത്യൻ രൂപയെയും പ്രതിസന്ധിലാക്കി. വിദേശ ഓപ്പറേറ്റർമാരുടെ കനത്ത വില്പന സമ്മർദത്തിൽ സെൻസെക്സ് 1497 പോയിന്റും നിഫ്റ്റി സൂചിക 443 പോയിന്റും ഇടിഞ്ഞു. സാന്പത്തികമേഖല ശക്തമെങ്കിലും അനുകൂല വാർത്തകളുടെ അഭാവം തിരിച്ചുവരവിനു കാലതാമസം സൃഷ്ടിക്കാം.
യുഎസ് അധിക താരിഫ് പ്രാബല്യത്തിൽ വന്നതോടെ കയറ്റുമതി മേഖല ആശങ്കയിലാണ്. എന്നാൽ, പുതിയ വാതായനങ്ങൾക്കു വാണിജ്യ മന്ത്രാലയം തിരക്കിട്ട നീക്കമാരംഭിച്ചത് സമുദ്രോത്പന്നങ്ങൾ ഒഴികെ മറ്റു മേഖലയ്ക്ക് താങ്ങു പകരാം. അതേസമയം റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയുമായി മുന്നേറുമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നത് സ്ഥിതി കൂടുതൽ സങ്കീർണമാകും. അധിക താരിഫിനോട് യൂറോപ്യൻ യൂണിയന്റെ പ്രതികരണം യുഎസ് താത്പര്യത്തിന് എതിരായാൽ നാസ്ഡാക്കും ഡൗ ജോൺസ് സൂചികയും എസ് ആൻഡ് പിയും ആടി ഉലയാം.
സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ ജിഡിപി വളർച്ച 6.3 ശതമാനം മുതൽ 6.8 ശതമാനം വരെ മുന്നേറുമെന്നാണു കണക്കാക്കുന്നത്. ഏപ്രിൽ - ജൂൺ കാലയളവിൽ ജിഡിപി വളർച്ച 7.8 ശതമാനമായിരുന്നു. അതായത്, പ്രതീക്ഷയിലും മികച്ച വളർച്ച. ഇതിനിടയിൽ അമേരിക്കയുമായുള്ള വ്യാപാര ചർച്ചകൾ പുരോഗമിക്കുന്നതിനൊപ്പം ശക്തമായ ആഭ്യന്തര ആവശ്യവും കയറ്റുമതി സാധ്യതയും ആഗോള സാമ്പത്തികരംഗത്ത് ഇന്ത്യയുടെ സ്ഥിരത നിലനിർത്തുന്നു.
വിദേശ ധനകാര്യസ്ഥാപനങ്ങൾ ഓഗസ്റ്റിൽ മൊത്തം 48,700.01 കോടി രൂപയുടെ വില്പന നടത്തി. കഴിഞ്ഞവാരം അവർ വിറ്റഴിച്ചത് 21,151.90 കോടി രൂപയുടെ ഓഹരികളാണ്. ആഭ്യന്തര ഫണ്ടുകൾ തുടർച്ചയായ പത്തൊന്പതാം വാരത്തിലും നിക്ഷപകരാണ്. പിന്നിട്ടവാരം അവർ 28,645.04 കോടി രൂപ നിക്ഷേപിച്ചു. ഇതോടെ ഓഗസ്റ്റിലെ മൊത്തം നിക്ഷേപം 94,828.55 രൂപയായി. ജൂലൈയിൽ അവർ 60,939.16 കോടി രൂപയുടെ വാങ്ങൽ നടത്തി. 2024 ഓഗസ്റ്റ് മുതൽ ആഭ്യന്തരഫണ്ടുകൾ നിക്ഷപകരായി നിലകൊള്ളുന്നു.
നിഫ്റ്റി സൂചികയ്ക്കു പോയവാരം 1.78 ശതമാനം ഇടിവു നേരിട്ടു. സൂചിക 24,870 പോയിന്റിൽനിന്നു മുൻവാരം സൂചിപ്പിച്ച ആദ്യ പ്രതിരോധമായ 25,056നെ ലക്ഷ്യമാക്കി നീങ്ങിയെങ്കിലും 25,026 വരെ മാത്രമേ ഉയരാനായുള്ളൂ. വിദേശഫണ്ടുകൾ തുടക്കം മുതൽതന്നെ വില്പനയ്ക്കു മത്സരിച്ചു. വിനായചതുർഥിയെത്തുടർന്ന് ഒരു ദിവസം വിപണി അവധിയായിരുന്നു.
ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വൻ നിക്ഷപകരായി നിലകൊണ്ട് മുൻനിര രണ്ടാംനിര ഓഹരികൾ വാരിക്കൂട്ടിയെങ്കിലും സൂചികയിലെ തകർച്ചയെ പിടിച്ചുനിർത്താൻ അവർക്കായില്ല. മുൻവാരം സൂചിപ്പിച്ച 24,771 -24,672 പോയിന്റുകളിലെ താങ്ങ് തകർത്ത് നിഫ്റ്റി ഒരുവേള 24,404 പോയിന്റ് വരെ ഇടിഞ്ഞശേഷം വ്യാപാരാന്ത്യം 24,426 പോയിന്റിലാണ്. നിഫ്റ്റിക്ക് ഈ വാരം 24,211 -23,996 പോയിന്റിൽ താങ്ങും 24,833-25,240 പോയിന്റിൽ പ്രതിരോധവമുണ്ട്.
നിഫ്റ്റി ഫ്യൂച്ചേഴ്സ് സെപ്റ്റംബർ സീരീസ് 24,569ലേക്കു താഴ്ന്നു. ഇതിനിടയിൽ വിപണിയിലെ ഓപ്പൺ ഇന്ററസ്റ്റ് 31 ലക്ഷം കരാറുകളിൽനിന്നു വാരാന്ത്യം 167 ലക്ഷം കരാറുകളായി ഉയർന്നു. തകർച്ചയ്ക്കിടയിൽ ഓപ്പൺ ഇന്ററസ്റ്റിലുണ്ടായ വർധന പുതിയ ഷോർട്ട് പൊസിഷനുകളുടെ വരവിനെ സൂചിപ്പിക്കുന്നു. വിപണി സാങ്കേതികമായി സെല്ലിംഗ് മൂഡിലാണ് സഞ്ചരിക്കുന്നത്.
സെൻസെക്സ് മുൻ വാരത്തിലെ 81,306 പോയിന്റിൽനിന്നു 81,809 പോയിന്റ് വരെ ഉയർന്നഘട്ടത്തിലാണ് മുൻനിര ഓഹരികൾ വില്പന സമ്മർദത്തിലേക്കു വഴുതിയത്. ഇതോടെ സൂചിക 80,633 പോയിന്റിലെ സപ്പോർട്ട് തകർത്ത് 79,741ലേക്ക് ഇടിഞ്ഞു, വ്യാപാരാന്ത്യം 79,809ലാണ്. സെൻസെക്സിന് 81,165 - 82,521 പോയിന്റിൽ പ്രതിരോധവും 79,097 - 78,385 പോയിന്റിൽ താങ്ങും പ്രതീക്ഷിക്കാം.
വിനിമയ വിപണിയിൽ രൂപ പരുങ്ങലിൽ. രൂപയുടെ മൂല്യം 87.52ൽനിന്നും 88ലെ പ്രതിരോധം തകർത്ത് 88.27 വരെ ഇടിഞ്ഞു. മാസാന്ത്യമായതിനാൽ എണ്ണ ഇറക്കുമതിക്കാർ ഡോളറിൽ പിടിമുറുക്കി. യുഎസ് താരിഫ് വിഷയവും രൂപയെ പിടിച്ചുലച്ചു. രൂപയുടെ ചലനങ്ങൾ വിലയിരുത്തിയാൽ 88.50 - 89.00ലേക്കും തുടർന്ന് 89.45ലേക്കും വരും മാസങ്ങളിൽ ദുർബലമാകാം. നാണയം തിരിച്ചുവരവിനു മുതിർന്നാൽ 87.69 തടസം നേരിടാം.
രാജ്യത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം 690.72 ബില്യൺ ഡോളറായി കുറഞ്ഞു. തൊട്ട് മുൻവാരം കരുതൽ ധനം 695.1 ബില്യൺ ഡോളറായിരുന്നു. ഏകദേശം ഒരു വർഷത്തെ ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യ കരുതൽ ശേഖരമുള്ള ഇന്ത്യ ആഗോളതലത്തിൽ നാലാം സ്ഥാനത്താണ്. ഇന്ത്യക്കു മുന്നിൽ ചൈനയും ജപ്പാനും സ്വിറ്റ്സർലൻഡുമാണ്.
ന്യൂയോർക്കിൽ സ്വർണവില 3352 ഡോളറിൽനിന്നും 3453.81 ഡോളർ വരെ കയറിയ ശേഷം 3446 ഡോളറിലാണ്. ബുള്ളിഷ് മനോഭാവം വിലയിരുത്തിയാൽ 3547 ഡോളർ വരെ കയറാം. ഓഗസ്റ്റിൽ വില അഞ്ച് ശതമാനം ഉയർന്നു. ഏപ്രിലിനുശേഷമുള്ള ഏറ്റവും ശക്തമായ മുന്നേറ്റമാണിത്.
മാസമധ്യം നടക്കുന്ന യുഎസ് ഫെഡ് യോഗം പലിശനിരക്കുകളിൽ ഭേദഗതികൾക്കു മുതിർന്നാൽ സ്വർണം 3500 ഡോളറിനു മുകളിൽ പിടിമുറുക്കാം. ഡെയ്ലി ചാർട്ടിൽ സ്വർണം സാങ്കേതികമായി ഓവർ ബോട്ടായതിനാൽ ഫണ്ടുകൾ ലാഭമെടുപ്പിനു നീക്കം നടത്താം. സ്വർണം അതിന്റെ 50 - 100 ദിവസങ്ങളിലെയും 200 ദിവസത്തെയും ശരാശരിക്കു മുകളിലാണ് ഇടപാടുകൾ നടക്കുന്നത്.