ഓണവിപണിയെ ഉറ്റുനോക്കി കാർഷികകേരളം
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, September 1, 2025 1:48 AM IST
കാർഷിക കേരളം ഓണ ലഹരിയിലേക്ക്, മുഖ്യ വിപണികളിൽ ഉത്പന്ന വരവു ചുരുങ്ങി. മഴമേഘങ്ങൾ വീണ്ടും റബർ ഉത്പാദകരുടെ സ്വപ്നങ്ങൾക്കുമേൽ കത്തിവച്ചു. ഉത്സവ ഡിമാൻഡിൽ കറുത്തപൊന്ന് റിക്കാർഡ് മറികടക്കുമോ? ഒരു വിഭാഗം ഉറ്റുനോക്കുന്നു. ഉത്പാദനം ഉയർന്നതിനൊപ്പം ലേലകേന്ദ്രങ്ങളിൽ ഏലക്ക പ്രവാഹം. ഊഹക്കച്ചവടക്കാരുടെ കരങ്ങളിൽനിന്നു വെളിച്ചെണ്ണ വിപണിയെ സർക്കാർ വരുതിയിലാക്കി. സ്വർണത്തിനു റിക്കാർഡ് തിളക്കം.
വില്ലനായി മഴ
ന്യൂനമർദ ഫലമായി സംസ്ഥാനത്തു വീണ്ടും മഴമേഘങ്ങൾ ഉരുണ്ടുകൂടിയതോടെ ടാപ്പിംഗിനുള്ള അവസരം കൈവിട്ട നിരാശയിലാണ് ഉത്പാദന മേഖല. സംസ്ഥാനത്തുമാത്രമല്ല, ഇതര ഉത്പാദന രാജ്യങ്ങളിലും മഴ വില്ലനായതോടെ കത്തി മടക്കി കർഷകർ തോട്ടങ്ങളിൽനിന്നു പിന്തിരിയാൻ നിർബന്ധിതരായി. ചിങ്ങം ആദ്യം മഴയ്ക്ക് ശമനം കണ്ടതോടെ തുടർച്ചയായ ദിവസങ്ങളിൽ റബർവെട്ടിന് അവസരമൊരുങ്ങുമെന്ന നിഗമനത്തിലായിരുന്നു ലക്ഷക്കണക്കിനു വരുന്ന നമ്മുടെ റബർ ഉത്പാദകർ. വാരത്തിന്റെ ആദ്യദിനങ്ങളിൽ കർഷകർ പുലർച്ചെതന്നെ തോട്ടങ്ങളിൽ ഇടംപിടിച്ചു.

ഏതാനും മാസങ്ങളായി സംസ്ഥാനത്ത് റബർ ടാപ്പിംഗ് മന്ദഗതിയിലായിരുന്നു. എന്നാൽ ന്യൂനമർദ ഫലമായി മഴമേഘങ്ങൾ വാരമധ്യത്തിൽ പിടിമുറുക്കിയ സാഹചര്യത്തിൽ ഇനി ഓണത്തിനുശേഷമേ മികച്ച അവസരം ഉത്പാദകർക്കു മുന്നിൽ തുറക്കാൻ സാധ്യതയുള്ളൂ. ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് ഷീറ്റ് വില കിലോ 191 രൂപയായും അഞ്ചാം ഗ്രേഡ് 187 രൂപയായും ഇടിച്ചാണു ശേഖരിച്ചത്. വിപണിയിലെ ചലനങ്ങൾ വിലയിരുത്തിയാൽ വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല.
അതേസമയം നിരക്ക് വീണ്ടും ഇടിച്ചാൽ മുൻ വർഷത്തെ പോലെ ഷീറ്റ് നീക്കം നിയന്ത്രിച്ച് വിപണിക്കു പുത്തനുണർവു പകരാനുള്ള തന്ത്രങ്ങളും അവർ നടത്താം. രാജ്യാന്തര വിപണിയിൽ റബർ കിലോ 189ലേക്കു താഴ്ന്നു. ടയർ വ്യവസായികളെ വിദേശത്തെ തളർച്ച ആകർഷിക്കാനിടയുണ്ട്. പ്രമുഖ അവധിവ്യാപാരകേന്ദ്രങ്ങളിലും ഉത്പന്നത്തിന് മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാനായില്ല.
കുരുമുളകിനു പൊന്നും വില
ഇന്ത്യൻ വിപണിയിൽ കുരുമുളക് റിക്കാർഡ് പ്രകടനം ഈ സീസണിൽ കാഴ്ച്ചവയ്ക്കുമെന്ന നിഗമനത്തിലാണ് ഒരുവിഭാഗം. ഉത്പാദന കേന്ദ്രങ്ങളിൽനിന്നും ടെർമിനൽ വിപണിയിലേയ്ക്കുള്ള മുളക് നീക്കം ചുരുക്കി വൻ വില കൈപ്പിടിയിൽ ഒതുക്കാനാവുമെന്ന നിഗമനത്തിലാണ് അവർ. ഇതിനിടയിൽ ലഭ്യത കുറഞ്ഞതോടെ അന്തർസംസ്ഥാന വാങ്ങലുകാർ നിത്യേന 200 രൂപ വീതം ഉയർത്തി. കൊച്ചിയിൽ അൺഗാർബിൾഡ് കുരുമുളക് വില 68,600 രൂപയിൽനിന്നും 69,800 രൂപയായി.

അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 8300 ഡോളറിലേക്കു ചുവടുവച്ചു. രൂപയുടെ വിനിമയ നിരക്കിലെ റിക്കാർഡ് തകർച്ച മലബാർ മുളക് വിലയിലും പ്രതിഫലിച്ചു. ക്രിസ്മസ് - ന്യൂ ഇയർ ആവശ്യങ്ങൾക്കുള്ള ചരക്കു സംഭരണത്തിനുള്ള നീക്കത്തിലാണ് അമേരിക്കയിലെയും യൂറോപ്യൻ രാജ്യങ്ങളിലെയും വൻകിട സുഗന്ധവ്യഞ്ജന ഇറക്കുമതിക്കാർ.
വിപണിപിടിച്ച് ഏലം
ഹൈറേഞ്ചിൽ ഏലം വിളവെടുപ്പു പുരോഗമിച്ചതിനൊപ്പം പുതിയ ചരക്കിന്റെ ലഭ്യത ഉയർന്നു. സ്റ്റോക്കിസ്റ്റുകൾ ചരക്കു വിറ്റുമാറാൻ ലേലകേന്ദ്രങ്ങളിൽ ഉത്സാഹിച്ചു. മധ്യവർത്തികളിൽനിന്നുള്ള ചരക്കുപ്രവാഹത്തിനിടയിൽ ഒരു ലക്ഷം കിലോ ഏലക്കവരെ ഒറ്റ ലേലത്തിൽ വില്പനയ്ക്കിറങ്ങി. ഒറ്റ ദിവസം ഇത്ര അധികം ചരക്ക് ലേലത്തിനിറങ്ങുന്നത് നടപ്പു സീസണിൽ ആദ്യം.

ആഭ്യന്തര - വിദേശ ഡിമാൻഡ് ഏലത്തിനു മികവ് പകർന്നു. കാർഷികമേഖലയിലെ അനുകൂല കാലാവസ്ഥ കർഷകർക്ക് ആശ്വാസം പകർന്നു. ശരാശരി ഇനങ്ങൾ കിലോ 2,500 രൂപയിൽ കൈമാറി.
ജാതിക്കയ്ക്കും ഡിമാൻഡ്
ആഭ്യന്തര വ്യവസായികളും കയറ്റുമതിക്കാരും മികച്ചയിനം ജാതിക്കയിൽ പിടിമുറുക്കിയതു വിപണിയിൽ ഉണർവ് ഉളവാക്കി. ഉണക്ക് കൂടിയ ഇനങ്ങൾക്ക് ആകർഷകമായ വില ഉറപ്പുവരുത്താനായി. ഹൈറേഞ്ച് ജാതിക്ക പരിപ്പ് കിലോ 620 രൂപ വരെയും ജാതിക്ക തൊണ്ടൻ 350 രൂപയിലുമാണ് ഇടപാടുകൾ നടക്കുന്നത്.

ഇന്തോനേഷ്യൻ ഇറക്കുമതി ചുരുങ്ങിയതും മികച്ച ജാതിക്കയുടെ ലഭ്യതക്കുറവും വ്യവസായികളെ അസ്വസ്ഥരാക്കുന്നു. കാലടിയിൽ ജാതിക്ക തൊണ്ടൻ കിലോ 300 രൂപയിലും ജാതിപരിപ്പ് 600 രൂപയിലുമാണ്.
വെളിച്ചെണ്ണ വിറ്റുമാറി വൻകിടക്കാർ
നാളികേരോത്പന്നങ്ങളുടെ വിലയിൽ മാറ്റമില്ല. ഓണ ഡിമാൻഡിൽ എണ്ണയ്ക്കൊപ്പം കൊപ്ര വിലയും കത്തിക്കയറുമെന്നു പ്രതീക്ഷിച്ച ഇടനിലക്കാർ സമ്മർദത്തിലാണ്. വിപണിയിലെ മാന്ദ്യം കണ്ട് വൻകിടക്കാർ സ്റ്റോക്ക് വിറ്റുമാറുന്നു.

കേരളത്തിൽനിന്നും വൻ ഓർഡറുകൾ തമിഴ്നാട്ടിലെ മില്ലുകാർ പ്രതീക്ഷിച്ചെങ്കിലും വെളിച്ചെണ്ണയുടെ ഉയർന്ന വില ചെറുകിട വിപണികളിൽ വില്പനയെ ബാധിച്ചു. കൊച്ചി മാർക്കറ്റിൽ വെളിച്ചെണ്ണ വില ക്വിന്റലിന് 36,800 രൂപയിലും കൊപ്ര 21,900 രൂപയിലുമാണ്, കാങ്കയത്ത് 21,300ൽ കൊപ്രയുടെ ഇടപാടുകൾ നടന്നു. സംസ്ഥാന സർക്കാർ താഴ്ന്നവിലയ്ക്ക് എണ്ണ വില്പനയ്ക്കിറക്കുമെന്നു വ്യക്തമായതാണ് ഒരു വിഭാഗം ഊഹക്കച്ചവടക്കാരെ സ്റ്റോക്ക് വിറ്റുമാറാൻ പ്രേരിപ്പിച്ചത്.
ആഭരണ വിപണികളിൽ സ്വർണത്തിനു തങ്കത്തിളക്കം. പവൻ 74,520 രൂപയിൽനിന്ന് 75,760ലെ മുൻ റിക്കാർഡ് തകർത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 76,960 രൂപയിൽ ശനിയാഴ്ച വിപണനം നടന്നു. ഇതോടെ ഒരു ഗ്രാം സ്വർണ വില 9,620 രൂപ.