ബിഹാർ വോട്ടർപട്ടിക: കമ്മീഷൻ വാദം പൊളിയുന്നു
പാറ്റ്നയിൽനിന്ന് ജോർജ് കള്ളിവയലിൽ
Monday, September 1, 2025 2:38 AM IST
ബിഹാറിലെ വോട്ടർപട്ടിക വിവാദത്തിൽ വൻ വഴിത്തിരിവ്. ബിഹാറിലെ കരട് വോട്ടർ പട്ടികയ്ക്കെതിരേ 89 ലക്ഷം പരാതികൾ രേഖാമൂലം നൽകിയിട്ടുണ്ടെന്ന് കോണ്ഗ്രസ്. കരട് പട്ടികയെക്കുറിച്ച് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന അവകാശവാദം പൊളിഞ്ഞതോടെ, 89 ലക്ഷം വോട്ടർമാരെ നീക്കണമെന്നാവശ്യപ്പെട്ടു കോണ്ഗ്രസിന്റെ 89 ലക്ഷം പരാതികൾ കിട്ടിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ പത്രക്കുറിപ്പിറക്കി. എന്നാൽ കമ്മീഷന്റെ ഈ വാദവും തെറ്റാണെന്ന് കോണ്ഗ്രസ് വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ വോട്ടവകാശ യാത്ര ഇന്നു പാറ്റ്നയിൽ സമാപിക്കാനിരിക്കെയാണു വോട്ടർ പട്ടിക വിവാദത്തിൽ വലിയ വിവാദമുണ്ടാക്കുന്ന വെളിപ്പെടുത്തലുകൾ. വോട്ടർ പട്ടികയിൽനിന്നു തെറ്റായി നീക്കിയതിനെതിരേയും മറ്റനേകം പേരെ അനധികൃതമായി വോട്ടർമാരായി ചേർത്തതിനെതിരേയും കോണ്ഗ്രസ് നൽകിയ 89 ലക്ഷം പരാതികൾ കിട്ടിയതായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ രസീതുകൾ കിട്ടിയുണ്ടെന്ന് എഐസിസി മീഡിയ ആൻഡ് പബ്ലിസിറ്റി വകുപ്പ് ചെയർമാൻ പവൻ ഖേര പാറ്റ്നയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. വെട്ടിമാറ്റിയ എല്ലാ വോട്ടർമാരുടെയും കേസുകൾ വീണ്ടും പരിശോധിക്കണമെന്ന് ഖേര ആവശ്യപ്പെട്ടു.
ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (സ്പെഷൽ ഇന്റൻസീവ് റിവിഷൻ-എസ്ഐആർ) സംബന്ധിച്ച് ഒരു പരാതിപോലും ഇല്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം. കമ്മീഷനിൽ 89 ലക്ഷം പരാതികൾ ഫയൽ ചെയ്തിട്ടുണ്ടെന്നും തെളിവായി സ്റ്റാന്പ് ചെയ്ത രസീതുകൾ കൈവശമുണ്ടെന്നും കോണ്ഗ്രസ് അറിയിച്ചു. പരാതികൾക്കെതിരേ കമ്മീഷന്റെ എതിർപ്പുണ്ടായിരുന്നിട്ടും ഡിസിസി പ്രസിഡന്റുമാർ ജില്ലാ ഇലക്ടറൽ ഓഫീസർമാരിൽനിന്ന് ഒപ്പിട്ടു സ്റ്റാന്പ് ചെയ്ത രസീതുകൾ വാങ്ങിയതായി കോണ്ഗ്രസ് വക്താവ് പറഞ്ഞു. ബൂത്ത് ലെവൽ ഏജന്റുമാരിൽനിന്നു പരാതികളും എതിർപ്പുകളും സ്വീകരിക്കാൻ കമ്മീഷൻ വിസമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിലെ കരട് വോട്ടർ പട്ടികയിൽനിന്നു വെട്ടിമാറ്റിയവരിൽ 25 ലക്ഷം പേർ മറ്റിടങ്ങളിലേക്കു കുടിയേറിയെന്നും 22 ലക്ഷം വോട്ടർമാർ മരിച്ചതായും 9.7 ലക്ഷം പേരെ നൽകിയിരിക്കുന്ന വിലാസങ്ങളിൽ കാണാനില്ലെന്നുമാണ് കമ്മീഷൻ രേഖപ്പെടുത്തിയതെന്ന് ഖേര വിശദീകരിച്ചു. മറ്റെവിടെയെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന അവകാശവാദത്തിൽ ഏഴു ലക്ഷം പേരുകൾ ഇല്ലാതാക്കി. മരിച്ചതായി കമ്മീഷൻ പ്രഖ്യാപിച്ച നിരവധി വോട്ടർമാർ രാഹുൽ ഗാന്ധിയെ നേരിട്ടുവന്നു കണ്ടു.
കരട് പട്ടികയിൽ ഗുരുതരമായ പൊരുത്തക്കേടുകളും ക്രമക്കേടുകളും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വോട്ടർപട്ടികയിൽ 20,638 ബൂത്തുകളിൽ 100ൽ കൂടുതൽ പേരുകൾ ഇല്ലാതാക്കി. 200ൽ കൂടുതൽ പേരുകൾ ഇല്ലാതാക്കിയ 1,988 ബൂത്തുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 7,613 ബൂത്തുകളിൽ വോട്ടർപട്ടികയിൽനിന്നു നീക്കിയവരിൽ 70 ശതമാനവും 635 ബൂത്തുകളിൽ 75 ശതമാനവും സ്ത്രീകളാണെന്നും ഖേര വിശദീകരിച്ചു.
89 ലക്ഷം പരാതി നൽകി: കോണ്ഗ്രസ്
ബിഹാറിലെ കരട് വോട്ടർ പട്ടികയിൽനിന്ന് 89 ലക്ഷം വോട്ടർമാരെ ഒഴിവാക്കുന്നതിന് കോണ്ഗ്രസ് അപേക്ഷിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ സമ്മതിച്ചു. ഇത്രയധികം വോട്ടുകൾ ഇല്ലാതാക്കാൻ നടപടിയെടുക്കുന്നതിനുമുന്പ് സത്യവാങ്മൂലം സഹിതമുള്ള തെളിവുകൾ നൽകണമെന്നു ബിഹാറിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടു.
വോട്ടർപട്ടികയിൽനിന്നു പേര് നീക്കണമെന്നാവശ്യപ്പെട്ട് 2.07 ലക്ഷം അപേക്ഷകൾ കിട്ടിയിട്ടുണ്ടെന്നായിരുന്നു ഇന്നലെ രാവിലെ കമ്മീഷൻ അറിയിച്ചത്. നീക്കിയ 65 ലക്ഷം വോട്ടർമാരിൽനിന്ന് വീണ്ടും ചേർക്കണമെന്നാവശ്യപ്പെട്ട് 33,236 വ്യക്തികളിൽനിന്ന് അപേക്ഷ കിട്ടിയുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
ബിഹാറിൽ 7.48 കോടി എന്യൂമെറേഷൻ ഫോമുകൾ എസ്ഐആർ പ്രകാരം ശേഖരിച്ചിട്ടുണ്ടെന്ന് ഇന്നലെ രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മൊത്തം ഫോമുകളുടെ 94.68 ശതമാനമാണിത്. വെറും 5.2 ശതമാനം വോട്ടർമാർ മാത്രമേ ഫോമുകൾ സമർപ്പിക്കാൻ ശേഷിക്കുന്നുള്ളൂ. 1.61 ശതമാനം വോട്ടർമാർ മരിച്ചതായും 2.3 ശതമാനം പേർ സ്ഥിരമായി സ്ഥലം മാറിയതായും 4.67 ശതമാനം വോട്ടർമാരെ അവരുടെ വിലാസത്തിൽ കണ്ടെത്തിയിട്ടില്ലെന്നും യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കിയിട്ടില്ലെന്നും കമ്മീഷൻ അവകാശപ്പെട്ടു.