മാനവരാശിയുടെ പുരോഗതിക്ക് ഇന്ത്യ-ചൈന ബന്ധം അനിവാര്യം: മോദി
Monday, September 1, 2025 1:06 AM IST
ബെയ്ജിംഗ്: ജനങ്ങളുടെ ക്ഷേമം മുന്നിൽക്കണ്ട് പരസ്പര വിശ്വാസത്തിന്റെയും ബഹുമാനത്തിന്റെയും അടിസ്ഥാനത്തിൽ ചൈനയുമായുള്ള ബന്ധം മുന്നോട്ടുകൊണ്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന എസ്സിഒ ഉച്ചകോടിക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. അതിർത്തിയിൽ ഇരുപക്ഷവും സൈന്യത്തെ പിൻവലിച്ചത് സമാധാനത്തിന്റെയും സുസ്ഥിരതയുടെയും അന്തരീക്ഷം സൃഷ്ടിച്ചെന്ന് മോദി പറഞ്ഞു.
""നമ്മുടെ സഹകരണം ഇരു രാജ്യങ്ങളിലെയും 280 കോടി ജനങ്ങളുടെ താത്പര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് എല്ലാ മാനവരാശിയുടെയും ക്ഷേമത്തിനു വഴിയൊരുക്കും’’- മോദി കൂട്ടിച്ചേർത്തു. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരേ യുഎസ് 50 ശതമാനം തീരുവ പ്രഖ്യാപിച്ചതിനിടെയാണ് മോദിയും ഷി ചിന്‍പിംഗും തമ്മിലുള്ള കൂടിക്കാഴ്ച.
വ്യാളിയും ആനയും ഒരുമിച്ചു നൃത്തം ചെയ്യണമെന്ന് പ്രസിഡന്റ് ഷി പറഞ്ഞു. ‘ചൈനയും ഇന്ത്യയും സുഹൃത്തുക്കളായിരിക്കുക എന്നതാണു ശരിയായ തീരുമാനം. ഈ ബന്ധത്തെ ഉലയ്ക്കാൻ അതിർത്തി തർക്കങ്ങളെ അനുവദിക്കരുത്. ഇന്ത്യയും ചൈനയും പങ്കാളികളാണ്, എതിരാളികളല്ല. നല്ല അയൽബന്ധവും സൗഹൃദബന്ധവുമുള്ള സുഹൃത്തുക്കളായി പരസ്പരം വിജയത്തിനു വഴിയൊരുക്കുന്ന പങ്കാളികളാകണം ’’-അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ന്യായവും നീതിയുക്തവും പരസ്പരം സ്വീകാര്യവുമായ പരിഹാരത്തിനായി ശ്രമിക്കാൻ മോദിയും ഷിയും ധാരണയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കാനും തീരുമാനമായി. വ്യാപാര, നിക്ഷേപ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് ഇരുനേതാക്കളും പ്രധാനമായും ചർച്ചയിൽ ഊന്നൽകൊടുത്തത്. ഉഭയകക്ഷി വ്യാപാര, നിക്ഷേപ ബന്ധങ്ങൾ വികസിപ്പിക്കാനും വ്യാപാര കമ്മി കുറയ്ക്കാനും ഇരു നേതാക്കളും സമ്മതിച്ചു. ടിയാൻജിൻ ഉച്ചകോടിക്ക് മോദി പിന്തുണ അറിയിച്ചു.
2026ൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് പ്രസിഡന്റ് ഷിയെ മോദി ക്ഷണിച്ചു. ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആധ്യക്ഷം വഹിക്കുന്നതിനെ ചൈന പിന്തുണയ്ക്കുന്നതായി ഷി പറഞ്ഞു. ബ്രിക്സ് ഉച്ചകോടിയിലേക്കുള്ളള ക്ഷണത്തിന് ഷി നന്ദി പറയുകയും ചെയ്തു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പൊളിറ്റ്ബ്യൂറോയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കായ് ഖിയുമായി മോദി കൂടിക്കാഴ്ച നടത്തി.