രാഹുലിന്റെ വോട്ടവകാശയാത്ര സമാപനം ഇന്ന്
പ്രത്യേക ലേഖകൻ
Monday, September 1, 2025 2:18 AM IST
പാറ്റ്ന: വോട്ടു കൊള്ളയ്ക്കും ബിഹാറിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനും (എസ്ഐആർ) എതിരേ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നയിച്ച വോട്ടവകാശ യാത്രയ്ക്ക് (വോട്ട് അധികാർ യാത്ര) ഇന്നു പാറ്റ്നയിൽ വൻ റാലിയോടെ സമാപനം.
ബിഹാറിലെ 25 ജില്ലകളിലായി 110 നിയമസഭാമണ്ഡലങ്ങളിലൂടെ 16 ദിവസം 1,300 കിലോമീറ്റർ നടത്തിയ യാത്രയ്ക്കു ലഭിച്ച വലിയ ജനപിന്തുണയുടെകൂടി പ്രകടനമാകും ഇന്നു പാറ്റ്നയിൽ നടക്കുകയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
മഹാരാഷ്ട്രയിലും ഹരിയാനയിലും പോലെ തെരഞ്ഞെടുപ്പുകൾ മോഷ്ടിക്കാൻ ബിഹാറിലെ വോട്ടർമാർ അനുവദിക്കില്ലെന്ന് രാഹുൽ ഇന്നലെ പറഞ്ഞു. ഈ രണ്ടു സംസ്ഥാനങ്ങളിലെയും ജനവിധി എങ്ങനെ കൊള്ളയടിക്കപ്പെട്ടുവെന്ന് രാജ്യത്തെ ജനം താമസിയാതെ മനസിലാക്കും. വോട്ടവകാശ യാത്രയ്ക്കു ബിഹാറിൽ ലഭിച്ച വൻ പ്രതികരണം ജനങ്ങളുടെ പിന്തുണയാണു വ്യക്തമാക്കുന്നതെന്നും രാഹുൽ പറഞ്ഞു.
കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ആർജെഡി നേതാവ് തേജസ്വി യാദവും അടക്കമുള്ള നേതാക്കൾ ഇന്നു രാവിലെ 11ന് ഗാന്ധി മൈതാനിയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തിയാകും സമാപനറാലി ആരംഭിക്കുക. ഗാന്ധി മൈതാനിയിൽനിന്ന് ബാബ സാഹിബ് അംബേദ്കർ പാർക്ക് വരെ നടക്കുന്ന റാലിയിൽ ആയിരങ്ങൾ പങ്കെടുക്കും. ഗാന്ധിജിയിൽനിന്ന് അംബേദ്കർ വരെയെന്നതാണു സമാപനറാലിയുടെ മുദ്രാവാക്യം. ഉച്ചയ്ക്ക് ഒന്നിന് തുടങ്ങുന്ന സമാപന സമ്മേളനത്തിൽ രാഹുലിനുപുറമേ മുഖ്യമന്ത്രിമാർ ഉൾപ്പെടെ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെല്ലാം പ്രസംഗിക്കും.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ മറവിൽ ബിജെപിക്ക് വോട്ട് ചെയ്യാനിടയില്ലാത്ത ന്യൂനപക്ഷങ്ങളും പാവപ്പെട്ടവരുമായ 65 ലക്ഷം വോട്ടർമാർക്ക് വോട്ടവകാശം നിഷേധിക്കുകയാണു ചെയ്യുന്നതെന്ന് കോണ്ഗ്രസ് ആരോപിച്ചു. ജനവിധി അട്ടിമറിച്ച് തെരഞ്ഞെടുപ്പ് മോഷ്ടിക്കാൻ അനുവദിക്കില്ലെന്നും പോരാട്ടം തുടരുമെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു. ബിഹാറിലെ പോരാട്ടത്തിൽ കോണ്ഗ്രസിനും ആർജെഡിക്കും പുറമേ സിപിഐഎംഎൽ, സിപിഐ, സിപിഎം, വികാസ്ഷീൽ ഇൻസാൻ പാർട്ടി തുടങ്ങിയ പാർട്ടികൾ പ്രതിഷേധങ്ങൾ നടത്തിവരികയാണ്.
രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം, കാർഷിക പ്രതിസന്ധി തുടങ്ങിയ സാമൂഹിക-സാന്പത്തിക പ്രശ്നങ്ങൾ മുതൽ അമേരിക്കയുടെ 50 ശതമാനം അധികത്തീരുവ, മോദിയുടെ ചൈന സന്ദർശനം, രൂപയുടെ മൂല്യത്തകർച്ച, ദളിത്, ആദിവാസി, പിന്നാക്ക, ന്യൂനപക്ഷ ആക്രമണങ്ങൾ, ഭരണഘടനയും ജനാധിപത്യവും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ വരെ ഇന്നത്തെ റാലിയിൽ പ്രതിപക്ഷം ഉയർത്തും.