ചെരുപ്പിനുള്ളിൽ കടന്നുകൂടിയ പാന്പിന്റെ കടിയേറ്റ് ടെക്കി മരിച്ചു
Monday, September 1, 2025 2:18 AM IST
ബംഗളൂരു: ചെരുപ്പിനുള്ളിൽ കടന്നുകൂടിയ പാന്പിന്റെ കടിയേറ്റ് സോഫ്റ്റ്വേർ എൻജിനിയർ മരിച്ചു. ബന്നാർഘട്ടയിലെ രംഗനാഥ ലേഔട്ടിൽ താമസിക്കുന്ന മഞ്ജു പ്രകാശ്(41) ആണു മരിച്ചത്. പ്രമുഖ ഐടി കന്പനിയായ ടിസിഎസിൽ ജോലി ചെയ്യുന്ന ഇയാൾ ശനിയാഴ്ച ഉച്ചയ്ക്ക് 12.45 ഓടെ പുറത്തുപോയി വീട്ടിലേക്കു മടങ്ങിയതിനുശേഷമായിരുന്നു സംഭവം.
ധരിച്ചിരുന്ന ക്രോക്സ് ചെരുപ്പുകൾ മുറ്റത്ത് അഴിച്ചുവച്ച് വിശ്രമിക്കാൻ മുറിയിലേക്കു പോയതായിരുന്നു. പിന്നാലെ ഇയാളുടെ ചെരുപ്പിനു സമീപം കുടുംബാംഗങ്ങൾ ചത്ത പാമ്പിനെ കണ്ടെത്തി. ഇതോടെ വിവരം അറിയിക്കാനായി മുറിയിലേക്കു ചെന്നപ്പോൾ വായിൽ നുരയും കാലിൽനിന്നു രക്തവും വന്ന് കട്ടിലിൽ കിടക്കുന്ന യുവാവിനെയാണു കണ്ടത്. ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
2016ൽ ഒരു ബസപകടത്തിൽപ്പെട്ട യുവാവിന്റെ കാലിന് ശസ്ത്രക്രിയ നടത്തുകയും ഇതിനുശേഷം കാലിന്റെ സംവേദനക്ഷമത നഷ്ടപ്പെടുകയും ചെയ്തിരുന്നു. അതിനാൽ പാമ്പുകടിയേറ്റതിന്റെ വേദന അനുഭവപ്പെട്ടിരിക്കില്ലെന്നും ബന്ധുക്കൾ പറഞ്ഞു.