ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ ചെലവഴിച്ചത് 108. 21 കോടി
Saturday, July 5, 2025 1:51 AM IST
കൽപ്പറ്റ: വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപയാണെന്ന് റവന്യു മന്ത്രി കെ. രാജൻ. കളക്ടറേറ്റിൽ പുനരധിവാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ടൗണ്‍ഷിപ്പ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഏജൻസികൾക്കു മന്ത്രി നിർദേശം നൽകി. പുന്നപ്പുഴയിലെ ഉരുൾപൊട്ടൽ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനു കൂടുതൽ യന്ത്രങ്ങൾ ഉപയോഗിക്കാനും മന്ത്രി നിർദേശം നൽകി.
കുടുംബശ്രീയുടെ മൈക്രോ പ്ലാൻ നടപ്പാക്കുന്നതിന് 3.6 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. എൽസ്റ്റണ്‍ എസ്റ്റേറ്റിൽ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി രൂപയും മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കായി 13.3 കോടിയും നൽകി.
വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേർക്ക് 15.6 കോടി രൂപ ധനസഹായം നൽകി. ജീവിതോപാധിയായി 1,133 പേർക്ക് 10.1 കോടിയും ടൗണ്‍ഷിപ്പ് സ്പെഷൽ ഓഫീസ് പ്രവർത്തനത്തിന് 20 കോടിയും അനുവദിച്ചു.