മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്
Saturday, July 5, 2025 1:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ ദുരവസ്ഥ കേരളമെങ്ങും ചർച്ചയായിരിക്കേ മുഖ്യമന്ത്രി പിണറായി വിജയൻ വിദഗ്ധ തുടർ ചികിത്സയ്ക്കായി അമേരിക്കയിലേക്ക്. ഇന്നു പുലർച്ചെ ദുബായ് വഴി അമേരിക്കയിലേക്കു പോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ 10 ദിവസത്തെ ചികിത്സയ്ക്കു ശേഷമാണ് മടങ്ങിയെത്തുക.
അമേരിക്കയിലെ മയോ ക്ലിനിക്കിലായിരുന്നു നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സ തേടിയിരുന്നത്. ഇതിനുശേഷം ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു തുടർപരിശോധനകൾ നടന്നിരുന്നത്. കഴിഞ്ഞ കുറച്ചുനാളായി മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനം പറഞ്ഞു കേട്ടിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ സന്ദർശനം നടത്തുന്നതിനു മുന്നോടിയായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതാണ്. മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ മുൻകൂർ അനുമതി നേരത്തേ തേടിയിരുന്നെങ്കിലും ഇക്കാര്യം രഹസ്യമാക്കി വച്ചു.
നേരത്തേ നടത്തിയിരുന്ന ചികിത്സയുടെ തുടർച്ചയായുള്ള പരിശോധനകൾക്കായാണ് മുഖ്യമന്ത്രി ഇന്നു യുഎസിലേക്കു തിരിക്കുന്നതെന്നും 10 ദിവസത്തോളം അദ്ദേഹം അവിടെയുണ്ടാകുമെ ന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.