കാറിനു ഡ്രൈവറായില്ല; ജീവനക്കാരന് ജഡ്ജിയുടെ നിൽപുശിക്ഷ
Saturday, July 5, 2025 1:51 AM IST
തിരുവനന്തപുരം: അഡീഷണൽ ജില്ലാ ജഡ്ജിയുടെ സ്വകാര്യ കാറിൽ ഡ്രൈവറാകാൻ വിസമ്മതിച്ച ഓഫീസ് അറ്റൻഡന്റിനു കോടതിമുറിയിൽ നിൽപ് ശിക്ഷ.
ജീവനക്കാരുടെ സംഘടനയുടെ പരാതിയിൽ ഇടപെട്ട ഹൈക്കോടതി രജിസ്ട്രാർ ശിക്ഷ പിൻവലിപ്പിച്ചു. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ ജഡ്ജി രാജീവ് ജയരാജാണ് ഓഫീസ് അറ്റൻഡന്റിനോട് തന്റെ സ്വകാര്യ കാറിന്റെ ഡ്രൈവറാകാൻ ആവശ്യപ്പെട്ടത്.
കോടതിയിൽനിന്നും 16 കിലോമീറ്റർ അകലെയുള്ള വസതിയിൽ എന്നും രാവിലെ എത്തി കാർ എടുക്കണമെന്നായിരുന്നു ‘ഉത്തരവ്’. വൈകുന്നേരവും കോടതിയിൽനിന്ന് തിരികെ ഡ്രൈവ് ചെയ്ത് ജഡ്ജിയെ വീട്ടിൽ എത്തിക്കണം. ഡ്രൈവിംഗിൽ വേണ്ടത്ര പരിചയമില്ലെന്ന് അറിയിച്ചപ്പോൾ എല്ലാ ദിവസവും കോടതിയിൽ സിറ്റിംഗ് നടക്കുന്പോൾ ജഡ്ജിയുടെ വശത്തായി നിൽക്കണമെന്നു ശിക്ഷ വിധിച്ചു.
തുടർന്നാണ് കേരള സിവിൽ ജുഡീഷൽ സ്റ്റാഫ് ഓർഗനൈസേഷൻ ഹൈക്കോടതി രജിസ്ട്രാർക്കു പരാതി നൽകിയത്.
ജുഡീഷൽ ഓഫീസർക്ക് മാസം തോറും 10,000 രൂപ ഡ്രൈവർ അലവൻസ് നൽകുന്നുണ്ട്. കൂടാതെ വീട്ടുജോലിക്കാർക്ക് പ്രത്യേകം അലവൻസും ഉണ്ട് . എങ്കിലും പല ജഡ്ജിമാരും ഓഫീസ് അറ്റൻഡന്റുമാരെ ഡ്രൈവറുടെ ജോലിയും വീട്ടുജോലികളും ചെയ്യാൻ നിർബന്ധിക്കാറുണ്ടെന്നും വിസമ്മതിച്ചാൽ ഇത്തരം ശിക്ഷാനടപടികളുണ്ടാകുമെന്നു ഭയന്ന് വഴങ്ങിക്കൊടുക്കുകയാണെന്നും ജീവനക്കാർ പരാതിപ്പെടുന്നു.
ഓഫീസ് അറ്റൻഡന്റുമാരെ ജുഡീഷൽ ഓഫീസർമാർ തങ്ങളുടെ സ്വകാര്യ ജോലികൾക്ക് നിർബന്ധിക്കരുതെന്നു നിർദേശിച്ചുകൊണ്ട് സർക്കുലർ പുറപ്പെടുവിക്കണമെന്ന് കേരള സിവിൽ ജുഡീഷൽ സ്റ്റാഫ് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഹൈക്കോടതി രജിസ്ട്രാർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.