“ഞാൻ കൊന്നു സാറേ...”; ആരെയെന്ന് അന്വേഷിച്ച് പോലീസ് ; 39 വര്‍ഷം മുന്‍പത്തെ കൊലപാതകം പുറത്ത്
Saturday, July 5, 2025 1:51 AM IST
കൂടരഞ്ഞി: 39 വര്‍ഷം മനസില്‍ എരിതീയായി സൂക്ഷിച്ച കൊലപാതക കഥ പ്രതി സ്റ്റേഷനില്‍ എത്തി വെളിപ്പെടുത്തിയതോടെ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കൊലചെയ്യപ്പെട്ട വ്യക്തിയെക്കുറിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
പ്രതി മലപ്പുറം വേങ്ങര പള്ളിക്കല്‍ ബസാര്‍ തൈപറമ്പില്‍ മുഹമ്മദലി (56) സ്റ്റേഷനില്‍ എത്തി പറഞ്ഞ സംഭവം നടന്ന വാതല്ലൂര്‍ ദേവസ്യയുടെ പറമ്പിലെ തോട് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പോലീസ് ഇന്നലെ എത്തി പരിശോധന നടത്തി. തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ ഈ തോട്ടിലേക്കു ചവിട്ടി ഇട്ടുവെന്നും രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് ഇയാള്‍ മരിച്ചുവെന്നു മനസിലായതെന്നുമാണ് മുഹമ്മദാലി പറഞ്ഞത്.
മൃതദേഹം പുഴു അരിച്ച നിലയില്‍ നേരില്‍ കണ്ട മണപ്രാണേല് ജോസിന്റെ വീട്ടിലും പോലീസ് എത്തി മൊഴിയെടുത്തു. മരിച്ചയാൾ ദേവസ്യയുടെ വീട്ടില്‍ ജോലി ചെയ്തത് നാലോ അഞ്ചോ ദിവസമാണ്. അതുകൊണ്ടുതന്നെ ഇയാളെക്കുറിച്ച് കൂടുതല്‍ വിവരമൊന്നും നാട്ടുകാര്‍ക്കും അറിയില്ല. സംഭവം നടന്ന സ്ഥലമാകട്ടെ അപ്പാടെ മാറി. തോടിനോട് അടുത്താണ് മലയോര ഹൈവേ കടന്നുപോകുന്നത്.
സംഭവം നടക്കുമ്പോള്‍ സ്ഥലം കാടുപിടിച്ചുകടക്കുകയായിരുന്നു. പഴയ ഫയലുകള്‍ പരിശോധിച്ചും അന്നത്തെ പത്രവാര്‍ത്തകള്‍ നോക്കിയും മരിച്ചത് ആരായിരിക്കും എന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് തിരുവമ്പാടി സിഐ കെ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘം. ഇരിട്ടി സ്വദേശിയാണെന്നും പാലക്കാട് സ്വദേശിയാണെന്നും നാട്ടുകാര്‍ പറയുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഏറെ പിറകോട്ട് പോയി അന്വേഷിക്കുകയാണ് പോലീസ് സംഘം.
1986 നവംബര്‍ അവസാനമായിരുന്നു സംഭവം. കൂടരഞ്ഞിയിലെ വാതല്ലൂര്‍ ദേവസ്യ എന്ന ആളുടെ പറമ്പില്‍ കൂലിപ്പണിക്കു നില്ക്കുമ്പോള്, 14 വയസു മാത്രമുള്ള തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നായിരുന്നു മുഹമ്മദാലി പോലീസ് സ്റ്റേഷനില്‍ എത്തി ഏറ്റുപറഞ്ഞത്.
സ്ഥലത്തുനിന്ന് ഓടിപ്പോയ മുഹമ്മദലി രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടില്‍ മുങ്ങി അയാള്‍ മരിച്ച വിവരം അറിയുന്നത്. കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. ഒരുമാസം മുന്‍പ് തുടങ്ങിയ അന്വേഷണം ഇപ്പോഴും പാതിവഴിപോലും പിന്നിട്ടിട്ടില്ല. 116/86 ആയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന് അപകടത്തിൽപ്പെടുകയും ചെയ്തപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പോലും പറ്റുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് 14ാം വയസില്‍ താന്‍ ചെയ്ത സംഭവം പോലീസിനോട് പറഞ്ഞത്. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പോലീസ് അങ്ങനെ കേസെടുത്തു.
മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്തിയുമില്ല. തുടര്‍ന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടികള്‍ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച പോലീസ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു.
മൃതദേഹം കണ്ടയാള്‍ പറയുന്നു...
വാതല്ലൂര്‍ ദേവസ്യയുടെ സ്ഥലത്തിനോട് അതിര്‍ത്തി പങ്കിടുന്ന മണപ്രാണേല് ജോസ് തന്റെ പറമ്പിലെ പശുവിനെ മാറ്റി കെട്ടാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്. പുഴുവരിച്ച് ജീര്‍ണിച്ച അവസ്ഥയിലായിരുന്നു മൃതദേഹം. മരിച്ചിട്ട് മൂന്നുനാല് ദിവസമെങ്കിലും കഴിഞ്ഞിരിക്കും.
ദേവസിയുടെ വീട്ടില്‍ പണിക്ക് എത്തിയിട്ട് കുറഞ്ഞ ദിവസങ്ങള്‍ ആയതുകൊണ്ട് ആരാണെന്നോ ഏതാണെന്നോ ഒരു വിവരവും ഉണ്ടായിരുന്നില്ല.