ചെല്ലാനം കടല്‍ഭിത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി റോഷി അഗസ്റ്റിന്
Saturday, July 5, 2025 1:51 AM IST
കൊച്ചി: ചെല്ലാനത്ത് ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി തീരസംരക്ഷണം പ്രധാന വിഷയമായാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെല്ലാനം, കണ്ണമാലി പ്രദേശങ്ങളിലെ കടലാക്രമണ ബാധിത പ്രശ്നങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 7.3 കിലോമീറ്ററില്‍ ടെട്രാപോഡ് കടല്‍ഭിത്തി നിര്‍മാണം ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. തുടര്‍ന്നുള്ള 3.5 കിലോമീറ്റര്‍കൂടി നിര്‍മിക്കുന്നതിനുള്ള തുക അനുവദിച്ചിട്ടുണ്ട്-മന്ത്രി അറിയിച്ചു.
കടലാക്രമണം നേരിടുന്ന പ്രദേശമെന്ന നിലയില്‍ ഈ വിഷയം ഗൗരവപൂര്‍ണമായാണ് സര്‍ക്കാര്‍ കാണുന്നത്. ജനങ്ങളുടെ പ്രതിഷേധം സര്‍ക്കാരിനെതിരല്ല. തുടര്‍പ്രവൃത്തികള്‍ ആവശ്യമാണെന്ന ബോധ്യപ്പെടുത്തലിനുവേണ്ടി നടത്തിയ ജനവികാരത്തിന്റെ ഭാഗമായാണ് അതിനെ കണ്ടതെന്നും മന്ത്രി പറഞ്ഞു. കടല്‍ഭിത്തി നിര്‍മാണം പൂര്‍ണമായിക്കഴിഞ്ഞാല്‍ കടല്‍ മികച്ച രീതിയില്‍ ആസ്വദിക്കാന്‍ കഴിയുന്ന പ്രദേശമായി ഇതു മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണമാലി സെന്റ് ആന്റണീസ് പള്ളി പരിസരത്ത് നടന്ന യോഗത്തില്‍ കെ.ജെ.മാക്സി എംഎല്‍എ, കൊച്ചി രൂപത പിആര്‍ഒ ഫാ. ജോണി സേവിയര്‍ പുതുക്കാട്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. ജോസഫ്, ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ബി. അബ്ബാസ്, ഇറിഗേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ പി.എസ്. കോശി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.