ആശ സമരം: മറ്റു യൂണിയനുകളെക്കൂടി കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി
Saturday, July 5, 2025 1:51 AM IST
കൊച്ചി: ആശാ വര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ മറ്റ് യൂണിയനുകളെക്കൂടി കക്ഷിചേര്‍ക്കണമെന്ന് ഹൈക്കോടതി.
പബ്ലിക് ഐ ട്രസ്റ്റ് എന്ന സംഘടനയടക്കം സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജികളിലാണ് ചീഫ് ജസ്റ്റീസ് നിതിന്‍ ജാംദാര്‍, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
സമരരംഗത്തുള്ള ഒരു സംഘടനയെ എതിര്കക്ഷിയാക്കിയിട്ടുണ്ടെന്നല്ലാതെ ആശാ വര്‍ക്കര്‍മാരുമായി ബന്ധപ്പെട്ട സംഘടനകളൊന്നും ഹര്‍ജികളില്‍ കക്ഷിയല്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.
പ്രതിഫലം വര്‍ധിപ്പിക്കാനാണു സമരം നടത്തുന്നതെന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികളില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. സമരക്കാര്‍ എന്തുകൊണ്ട് കോടതിയിലെത്തിയില്ലെന്നും ഹര്‍ജി നല്‍കിയിരിക്കുന്ന സംഘടന ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതാണെന്നും കോടതി ആരാഞ്ഞു.
പൊതുതാത്പര്യ ഹര്‍ജിയാണ് നല്‍കിയിട്ടുള്ളതെന്നും നിലവില്‍ സമരത്തിലുള്ള കേരള ആശ ആന്‍ഡ് ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷനെ കേസില്‍ എതിര്കക്ഷികയാക്കിയിട്ടുള്ളതായും ഹര്‍ജിക്കാര്‍ പറഞ്ഞു.
അതേസമയം ആശാ വര്‍ക്കര്‍മാരുടെ പ്രതിഫലം പരിഷ്കരിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചിട്ടുള്ളതായി സര്‍ക്കാര്‍ അറിയിച്ചു. സമരം ചെയ്യുന്നത് ഈ മേഖലയിലെ വളരെ കുറച്ചുപേര്‍ മാത്രമാണെന്നും ആശാ വര്‍ക്കര്‍മാരായി ജോലി ചെയ്യുന്ന ഭൂരിപക്ഷംപേരെയും പ്രതിനിധീകരിക്കുന്ന പ്രധാന യൂണിയനുകളുടെ പിന്തുണ സമരത്തിനില്ലെന്നും സർക്കാർ വ്യക്തമാക്കി.