വാഗ്ദാനം പാലിച്ചില്ല; ഫെര്‍ട്ടിലിറ്റി ക്ലിനിക് 2.66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
Saturday, July 5, 2025 1:51 AM IST
കൊച്ചി: വന്ധ്യതയ്ക്ക് ചികിത്സ വാഗ്ദാനം ചെയ്ത് ദമ്പതികളിൽനിന്നു വന്‍ തുക കൈപ്പറ്റി കബളിപ്പിച്ചുവെന്ന പരാതിയില്‍, ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് 2.66 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. 30 ദിവസത്തിനകം തുക നല്‍കണമെന്നാണ് ഡി.ബി. ബിനു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
വന്ധ്യതാ ചികിത്സയ്ക്ക് എന്ന പേരില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ച് 100 ശതമാനം വിജയം വാഗ്ദാനം ചെയ്ത് ആദ്യം അഡ്വാന്‍സായി 1,000 രൂപ കൈപ്പറ്റി. തുടര്‍ന്ന് 2,40,000 രൂപ ഫീ ഇനത്തില്‍ ദമ്പതിമാരില്‍നിന്നു വാങ്ങി.
പണം മുഴുവന്‍ വാങ്ങിയതിനു ശേഷം ചികിത്സ വിജയിക്കുമോ എന്നത് സംശയാസ്പദമാണെന്ന് പറയുകയും കൂടുതല്‍ പരിശോധനയ്ക്കായി 40,000 രൂപ അധികമായി ആവശ്യപ്പെടുകയും ചെയ്തു. പരാതിക്കാരി ആ തുകയും നല്കി. തുടര്‍ന്നാണ് ഇവര്‍ മാര്‍ക്കറ്റിംഗ് ഏജന്റുമാര്‍ മാത്രമാണെന്നും ഇവരുടെ വാഗ്ദാനത്തില്‍ യാതൊരു അടിസ്ഥാനവുമില്ല എന്നും പരാതിക്കാരിക്കു ബോധ്യപ്പെട്ടത്.
വാങ്ങിയ തുക തിരികെ ആവശ്യപ്പെട്ട് എതിര്‍കക്ഷിയെ സമീപിച്ചെങ്കിലും നല്കാന് തയാറാകാത്ത സാഹചര്യത്തിലാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
എറണാകുളത്തെ ബ്രൗണ്‍ ഹാള്‍ ഇന്റര്‍നാഷണല്‍, ഇന്ത്യ എന്ന ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരേയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. പരാതിക്കാരിക്കുവേണ്ടി അഡ്വ. ഫിലിപ്പ്. ടി. വര്‍ഗീസ് കോടതിയില്‍ ഹാജരായി.