വാര്‍ഡ് തുറക്കാന്‍ വൈകുന്നതില്‍ സിപിഎമ്മിനുള്ളിലും മുറുമുറുപ്പ്
Saturday, July 5, 2025 1:51 AM IST
കോട്ടയം: മെഡിക്കല്‍ കോളജില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ സര്‍ജിക്കല്‍ വാര്‍ഡ് തുറക്കാന്‍ വൈകുന്നതില്‍ സിപിഎമ്മിനുള്ളിലും വിമര്‍ശനം. കാലപ്പഴക്കം ചെന്ന കെട്ടിടം ഒഴിപ്പിച്ച് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങണമെന്ന് സിപിഎം സംഘടിപ്പിച്ച ശില്പശാലയില് ഏരിയാ സെക്രട്ടറി ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
അടുത്തയിടെയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പഞ്ചായത്ത് ഇലക്ഷന് കമ്മിറ്റി സെക്രട്ടറിമാര്‍ക്കും ഏരിയ സെക്രട്ടറിമാര്‍ക്കും, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കും തദേശ തെരഞ്ഞടുപ്പിനുള്ള ഒരുക്കമായി ശില്പശാല സംഘടിപ്പിച്ചത്.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കൂടിയായ മന്ത്രി വി.എന്‍. വാസവന്, ജില്ലാ സെക്രട്ടറി ടി.ആര്. രഘുനാഥന്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
ഏറ്റുമാനൂര്‍ ഏരിയായിലെ ആര്‍പ്പൂക്കര, അയ്മനം തുടങ്ങി മെഡിക്കല്‍ കോളജിനു സമീപമുള്ള പഞ്ചായത്തുകളിലെ പാര്‍ട്ടി പ്രതിനിധികളാണ് മെഡിക്കല്‍ കോളജിലെ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ സര്‍ജിക്കല്‍ വാര്‍ഡ് മന്ദിരത്തിന്റെ ഉദ്ഘാടനം വൈകുന്നതിനെതിരേ വിമര്‍ശനം ഉന്നയിച്ചത്.
പുതിയ ബ്ലോക്ക് ഉടന്‍ തുറക്കണമെന്നും രോഗികള്‍ ബുദ്ധിമുട്ടുകയാണെന്നും ശിലപ്ശാലയില് ഇവര്‍ പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും സമാനതകളില്ലാത്ത ദുരിതമാണ് അനുഭവിക്കുന്നതെന്നും പരാതി ഉയര്‍ത്തിയിരുന്നു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാസത്തില്‍ ഒരിക്കല്‍ ജില്ലയിലെത്തി എല്ലാ ഉദ്ഘാടനങ്ങളും ഒരുമിച്ചു നടത്തുന്ന പതിവ് ഒഴിവാക്കണമെന്നും ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തി രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി കൊണ്ടുക്കണമെന്നും യോഗത്തിൽ ആവശ്യമുണ്ടായി.
ഏരിയാ സെക്രട്ടറിയുടെ ഈ ആവശ്യത്തിന് മന്ത്രി വി.എന്‍. വാസവന് മറുപടി നല്‍കുകയും ചെയ്തിരുന്നു. രോഗികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള തീരുമാനം ആശുപത്രി അധികൃതര്‍ സ്വീകരിച്ചു തുടങ്ങിയെന്നും ഏറ്റവും അടുത്ത ദിവസം തന്നെ ആരോഗ്യമന്ത്രിയുടെ സൗകര്യംകൂടി പരിഗണിച്ച് ഉദ്ഘാടനം നടത്തുമെന്നുമായിരുന്നു വി.എന്‍. വാസവന്റെ മറുപടി.