ജുഡീഷൽ അന്വേഷണം വേണം: സണ്ണിജോസഫ്
Saturday, July 5, 2025 1:51 AM IST
കോട്ടയം: സ്വയം ന്യായീകരിക്കാനുള്ള മന്ത്രിമാരുടെ വ്യഗ്രതയാണ് ബിന്ദുവിന്റെ ജീവന് നഷ്ടപ്പെടുത്തിയതെന്നും ഇത് കൊലപാതകമാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കോട്ടയം മെഡിക്കല്‍ കോളജില്‍ അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സണ്ണി ജോസഫ്.
മന്ത്രിമാരും കോളജ് അധികാരികളും അതിന് ഉത്തരം പറയണം. മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാന്‍ നിയമപരമായും ധാര്‍മികമായും യാതൊരു അര്‍ഹതയുമില്ല. കെട്ടിടം തകര്‍ന്ന സംഭവത്തില്‍ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിക്കൂട്ടിലാണ്. അദ്ദേഹത്തെക്കൊണ്ട് അന്വേഷിപ്പിക്കുന്നത് ഉചിതമല്ല. ഈ സംഭവത്തിലെ എല്ലാ കാര്യങ്ങളും വെളിച്ചത് കൊണ്ടുവരാന്‍ ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
അപകടത്തില്‍പ്പെട്ട ബിന്ദുവിനെ തക്കസമയത്ത് രക്ഷിക്കാന്‍ നടപടിയെടുത്തിരുന്നെങ്കില്‍ അവരുടെ ജീവന് രക്ഷിക്കാമായിരുന്നു. ബിന്ദുവിന്റെ കുടുംബത്തിനുവേണ്ടി പ്രതിഷേധിച്ച ചാണ്ടി ഉമ്മന്‍ എംഎല്‍എക്കെതിരേ കേസെടുത്ത സര്‍ക്കാരിന്റെ നടപടി തിരുത്തണം. വാദിയെ പ്രതിയാക്കുന്ന നടപടിയെ നഖശിഖാന്തം എതിര്‍ക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.