വന്യജീവി ആക്രമണം: സംസ്ഥാനം നിയമനിർമാണത്തിന്
Saturday, July 5, 2025 1:51 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിയമനിർമാണം നടത്താനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ടു പോകുകയാണെന്നും കരട് ബിൽ നിയമവകുപ്പിന്റെ പരിഗണനയ്ക്ക് അയച്ചതായും എംപിമാരുടെ യോഗത്തിൽ മുഖ്യമന്ത്രി അറിയിച്ചു. പാർലമെന്റിന്റെ മണ്സൂണ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വയനാട് മേപ്പാടി-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് പോസ്റ്റ് ഡിസാസ്റ്റർ നീഡ് അസസ്മെന്റ് നടത്തി കേന്ദ്ര സർക്കാരിന് സമർപ്പിച്ചതു പ്രകാരം മേപ്പാടിക്ക് 2221.10 കോടി രൂപയും കോഴിക്കോട് വിലങ്ങാടിന് 98.10 കോടിയും അനുവദിക്കാനായി ഒന്നിച്ച് നിലപാട് സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. ദേശീയ ദുരന്തനിവാരണ നിയമത്തിൽനിന്ന് ഒഴിവാക്കിയ "സെക്ഷൻ 13’ പുനഃസ്ഥാപിക്കാൻ കൂട്ടായ ഇടപെടൽ വേണം.
വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പിൽ നിഷ്കർഷിച്ചിട്ടുള്ള കാര്യങ്ങളിൽ പ്രാദേശിക ആവശ്യങ്ങൾ കണക്കിലെടുത്ത് ലഘൂകരണം നൽകാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരം നൽകുന്ന നിയമ ഭേദഗതി അടിയന്തരമായി വരുത്തുന്നതിനും നഷ്ടപരിഹാരത്തിനുള്ള കേന്ദ്രവിഹിതം ലഭ്യമാക്കുന്നതിന് ആവശ്യം ഉന്നയിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
കൊച്ചി മെട്രോ എസ്എൻ ജംഗ്ഷൻ മുതൽ തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷൻ വരെ നീട്ടാനുള്ള തുക അനുവദിക്കുന്നതു സംബന്ധിച്ച കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തണം.
സംസ്ഥാന താത്പര്യം സംരക്ഷിക്കുന്നതിന് ആവശ്യമായ ഇടപെടൽ കക്ഷിരാ ഷ്ട്രീയത്തിന് അതീതമായി സ്വീകരിക്കുമെന്ന് എംപിമാർ ഉറപ്പു നൽകി.
അടിസ്ഥാനസൗകര്യ വികസന പദ്ധതികളായ ഗിഫ്റ്റ് സിറ്റി (ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റി), കൊച്ചി-ബംഗളൂരു ഇൻഡസ്ട്രിയൽ കോറിഡോറിനു കീഴിൽ ഗ്ലോബൽ സിറ്റി ഘടകത്തെ ബന്ധിപ്പിക്കണം, ലോജിസ്റ്റിക് പാർക്കുകൾ സ്ഥാപിക്കുന്നതിന് വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാക്കുന്നതിലും കണക്ടിവിറ്റി ഇൻഫ്രാസ്ട്രക്ടർ പൂർത്തീകരിക്കാൻ സമയബന്ധിതമായി കേന്ദ്ര പിന്തുണ തേടണം.
എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് കേരളത്തിൽ അനുവദിക്കാനുള്ള നടപടി സ്വീകരിക്കണം. കടൽ ഭിത്തി നിർമാണത്തോടൊപ്പം തീരത്തെ മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള വിവിധ പ്രൊപ്പോസൽ കേന്ദ്രസർക്കാരിനു സമർപ്പിച്ചതിന്മേൽ നടപടി സ്വീകരിക്കണം.
യോഗത്തിൽ മന്ത്രിമാരെ കൂടാതെ എംപിമാരായ അടൂർ പ്രകാശ്, ഇ.ടി. മുഹമ്മദ് ബഷീർ, ജോസ് കെ. മാണി, കൊടിക്കുന്നിൽ സുരേഷ്, രാജ്മോഹൻ ഉണ്ണിത്താൻ, ഡീൻ കുര്യാക്കോസ്, ആന്റോ ആന്റണി, കെ.രാധാകൃഷ്ണൻ, പി.പി. സുനീർ, വി. ശിവദാസൻ, ജോണ് ബ്രിട്ടാസ്, ബെന്നി ബെഹന്നാൻ, എം. കെ. രാഘവൻ, കെ. ഫ്രാൻസിസ് ജോർജ്, വി.കെ. ശ്രീകണ്ഠൻ, ഹാരിസ് ബീരാൻ, ഷാഫി പറന്പിൽ എന്നിവർ പ്രസംഗിച്ചു.