ബിന്ദു ഇനി കണ്ണീരോര്‍മ
Saturday, July 5, 2025 1:51 AM IST
സുഭാഷ് ഗോപി
തലയോലപ്പറമ്പ്: ആദ്യശമ്പളം വാങ്ങാന്‍ അമ്മ കാത്തുനിന്നില്ല. ആ പണംകൊണ്ട് മകന് അമ്മയുടെ മൃതസംസ്കാര ചെലവുകൾ നടത്താനായിരുന്നു വിധി.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്കെട്ടിടം തകര്‍ന്ന് ദാരുണമരണം സംഭവിച്ച ബിന്ദുവിനരികില് മകന് നവനീതിന്റെ നിലയ്ക്കാത്ത നിലവിളി ഹൃദയഭേദകമായിരുന്നു. അതിനുമുയരെ മകള്‍ നവമിയുടെ അലമുറ.
ഭര്‍ത്താവ് വിശ്രുതന്‍ നിശ്ചലശരീരത്തിനരികില്‍ തളര്‍ന്നിരുന്നു. എരിഞ്ഞടങ്ങാന്‍ ആറടി മണ്ണ് സ്വന്തമായില്ലാതെ ബിന്ദുവിന് അയല്‍വാസിയായ സഹോദരിയുടെ വീട്ടിലാണ് ചിതയൊരുക്കിയത്.
തലയോലപ്പറമ്പ് ഉമാംകുന്ന് മേപ്പാത്തുകുന്നേല് ബിന്ദുവിന്റെ മൃതദേഹത്തിനു മുന്നില്‍ നാടൊന്നാകെ കണ്ണീര് പൊഴിച്ചു. പണിതീരാത്ത ചെറിയ വീടിനുള്ളില്‍ തെളിച്ച നിലവിളക്കിന്റെ വെളിച്ചത്തില്‍ ബിന്ദുവിന്റെ തലയിലെ മുറിപ്പാടുകള്‍ കണ്ടവരൊക്കെ വിതുന്പി.
സിവില്‍ എന്‍ജിനിയറിംഗ് പൂര്‍ത്തിയാക്കിയ മകന് നവനീത് ആദ്യശമ്പളം ലഭിച്ച കാര്യം വിശ്രുതനോട് പറഞ്ഞപ്പോള്‍, അത് വാങ്ങാനുള്ള അര്‍ഹത അമ്മ ബിന്ദുവിനാണെന്നാണ് അച്ഛന് പറഞ്ഞത്.
പോറ്റാനും പഠിപ്പിക്കാനും ടെക്സ്റ്റൈല്‍സ് ഷോപ്പില്‍ ഓവര്‍ടൈം ജോലി ചെയ്യുന്ന അമ്മയുടെ സന്തോഷക്കണ്ണീർ കാണാനെത്തിയ നവനീതിന് അടയ്ക്കപ്പെട്ട കണ്ണുകളും ചതഞ്ഞു വിറങ്ങലിച്ച മുഖവുമാണ് കാണാനായത്.
ചികിത്സയിലായിരുന്ന നവമിയെ ശുശ്രൂഷിക്കാനെത്തിയ വേളയിലായിരുന്നു ദുരന്തം ബിന്ദുവിന്റെ ജീവനെടുത്തത്.